സഹപ്രവർത്തകരായ സുഹൃത്തുക്കളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് സീരിയൽ നടിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ അമൃത. ഒരിക്കലും പ്രതീക്ഷിക്കാത്തവർ പോലും തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒരു സമയത്ത് സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അമൃത തുറന്നുപറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ഓഡീഷൻ കഴിഞ്ഞാണ് അഭിനയ രംഗത്തേക്കെത്തിയത്. ഷൂട്ടിംഗിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരു സീൻ എടുക്കുന്ന സമയത്ത് ഞാൻ ചിരിച്ചുപോയി. വലിയ താരങ്ങളൊക്കെ ഉണ്ടായിരുന്നു. അവരുടെ മുൻപിൽ വച്ച് അസോസിയേറ്റിലെ ഒരാൾ വലിയ രീതിയിൽ വഴക്ക് പറഞ്ഞു. മോശം വാക്കുപയോഗിച്ചാണ് വഴക്ക് പറഞ്ഞത്. ഭംഗിയില്ലെന്ന് പറഞ്ഞ് അഭിനയിക്കാൻ കിട്ടിയ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
പഠിക്കുന്ന സമയത്ത് അധികം സുഹൃത്തുക്കളില്ലായിരുന്നു. അഭിനയത്തിലേക്ക് വന്നപ്പോൾ ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിരുന്നു. എല്ലാവരും പെൺകുട്ടികളായിരുന്നു. പിന്നീട് അത് ചുരുങ്ങി. എന്റെ അനുഭവം വച്ച് പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്. കൂടെ നിൽക്കുന്ന വ്യക്തിക്ക് ഉയർച്ച ഉണ്ടാകുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല. എന്റെ സുഹൃത്തുക്കൾ തന്നെയാണ് ഒരുപാട് ദ്രോഹിച്ചിട്ടുളളത്. എനിക്ക് ലഭിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതും എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നതും അവർ തന്നെയാണ്. അതൊന്നും ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. അവരോടൊപ്പം ഞാൻ വീണ്ടും അഭിനയിച്ചിട്ടുണ്ട്.
എന്റെ അമ്മ ഒറ്റയ്ക്കാണ് എന്നെയും സഹോദരനെയും വളർത്തിയത്. അമ്മ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും. പക്ഷെ അവരെ തളർത്തുന്നത് സമൂഹം തന്നെയാണ്. അടുത്തിടെ ഒരു അമ്മയും രണ്ട് മക്കളും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തില്ലേ? ഒരിക്കൽ എന്റെ അമ്മയും റെയിൽവേ ട്രാക്കിന്റെ മുന്നിൽ എത്തിയപ്പോൾ അങ്ങനെ ചെയ്യാമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വന്നിട്ടും ആരും സഹായിച്ചിട്ടില്ല. ഒരു കാറില്ലാത്തതിന്റെ പേരിൽ പല പരിപാടികളിലും പങ്കെടുത്തിട്ടില്ല. സുഹൃത്തുക്കളോട് ലിഫ്റ്റ് ചോദിച്ചിട്ടും തരാത്തവരുണ്ട്'-അമൃത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |