ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ബിഗ് ബോസ് മുൻ താരം ജാസ്മിൻ ജാഫർ കാൽ കഴുകി റീൽസ് ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും പുണ്യാഹം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
'2006ൽ പ്രശസ്ത നടി മീരാ ജാസ്മിൻ എന്ന ജാസ്മിൻ മേരി ജോസഫ് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ കയറി ഭക്തിയോടെ പ്രാർത്ഥിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമായിരുന്നു അത്. അന്ന് ആ വിഷയം വലിയ വിവാദമായി. ആ പ്രവൃത്തി ഹിന്ദുമത വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി. ഒടുവിൽ താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ്, അവിടെ ശുദ്ധികലശം നടത്താൻ പതിനായിരം രൂപ പിഴയടച്ചാണ് ആ പ്രശ്നം അവസാനിപ്പിച്ചത്. അന്നത് വലിയ വാർത്തയായിരുന്നു.
ഇവിടെയിപ്പോൾ മറ്റൊരു ജാസ്മിൻ ആണ് വിവാദത്തിൽപ്പെട്ടത്. ഇതിനുമുമ്പും ജാസ്മിൻ വിവാദത്തിൽപ്പെട്ടിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി, കാലുകൾ കഴുകി റീൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇത് ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ഈ ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിലിറങ്ങി കാലുകഴുകുന്നതായിട്ടാണ് ചിത്രീകരിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി വിലക്കുണ്ട്. എന്നാൽ മതപരമായ ചടങ്ങ്, വിവാഹം പോലുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുവാദം വാങ്ങിയാൽ നടത്താവുന്നതാണ്. ഗുരുവായൂരിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ഗുരുവായൂരപ്പനെയും അയ്യപ്പനെയുമൊക്കെ പ്രകീർത്തിച്ച് പാടിയ യേശുദാസിന് പോലും അവിടെ കയറി ഭഗവാനെ ഒന്ന് തൊഴാൻ ഇതുവരെ സാധിച്ചിട്ടില്ല. എല്ലാ മത വിശ്വാസികൾക്കും അവരുടേതായ ആചാരാനുഷ്ഠാനങ്ങളുണ്ടെന്ന് മറക്കരുത്. ആ വിശ്വാസം പരസ്പരം മാനിക്കുന്നതുകൊണ്ടാണ് നാമെല്ലാവരും സൗഹാർദപൂർവം ഇവിടെ ജീവിക്കുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്നുപറയുന്നവർ അനുവാദമില്ലാതെ ക്ഷേത്രത്തിൽ കയറി നിരോധിത മേഖലയിൽ വീഡിയോ ചിത്രീകരിച്ചത് ഒരു വിധത്തിലും ന്യായീകരിക്കാവുന്ന ഒന്നല്ല. ഇത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തി ചെയ്തുകൊണ്ടാണോ ആളുകളെ ഇൻഫ്ളുവൻസ് ചെയ്യുന്നത്. ഈ പ്രവൃത്തി യുപിയിലാണ് ചെയ്തിരുന്നതെങ്കിൽ ജാസ്മിന്റെ വീട്ടിലേക്ക് ഒരു ബുൾഡോസർ വന്ന് വീട് ഇടിച്ചുനിരത്തും. കൂടാതെ ജാസ്മിന്റെ പേരിൽ ഒരു നൂറ്റമ്പത് കേസുകളും ചാർജ് ചെയ്യും. പിന്നീട് ജീവിതത്തിലൊരിക്കലും വെളിച്ചം കാണാനാകുമെന്ന് തോന്നുന്നില്ല. ഇതൊന്നുമല്ലെങ്കിൽ തല്ലിച്ചതച്ച് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ നമുക്ക് കാണാമായിരുന്നു.
നടി മീര ജാസ്മിൻ തളിപ്പറമ്പ് ക്ഷേത്രത്തിൽ കയറിയത് ഭക്തികൊണ്ടും വിശ്വാസം കൊണ്ടും അവർക്ക് പ്രാർത്ഥിക്കാൻ വേണ്ടിയായിരുന്നു. അറിയാതെ ആചാരം ലംഘിച്ചതിന് ക്ഷമാപണം നടത്തി, പ്രായശ്ചിത്തം ചെയ്തു. എന്നാൽ ജാസ്മിൻ ജാഫർ ചെയ്തത് റീൽസുണ്ടാക്കി പണം സമ്പാദിക്കാൻ വേണ്ടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |