തൃശ്ശൂര്‍: ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് പൊലീസുകാരി വഴിയൊരുക്കിയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഗതാഗതക്കുരുക്കിനിടെ ആംബുലന്‍സിന് വഴിയൊരുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കയ്യടി നേടിയിരുന്നു. മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കി. ആംബുലന്‍സിന് സുഗമമായി പോകാന്‍ വഴിയൊരുക്കിയതിന് ശേഷമാണ് അന്ന് ഉദ്യോഗസ്ഥ പിന്മാറിയത്.
എന്നാല്‍ അന്ന് ആംബുലന്‍സില്‍ രോഗി ഇല്ലായിരുന്നുവെന്ന് ആണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആംബുലന്‍സില്‍ രോഗിയില്ലായിരുന്നെന്ന് തെളിഞ്ഞത്. ഓടിക്കുമ്പോള്‍ ആംബുലന്‍സിന്റെ മിററിലൂടെ ഡ്രൈവറുടെ കൈവശം ഫോണ്‍ കണ്ടെത്തിയതിനാലാണ് ഡ്രൈവര്‍ വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച് വകുപ്പ് അന്വേഷണം നടത്തിയത്. ഡ്രൈവറെയും ആംബുലന്‍സും എംവിഡി കസ്റ്റഡിയിലെടുത്തു.
വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അപര്‍ണ ലവകുമാറാണ് ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയത്. ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലന്‍സിന് പിന്നില്‍നിന്ന് ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് വാഹനം ഒതുക്കാന്‍ അപര്‍ണ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.
കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലടക്കം ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. കൂടാതെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷര്‍ ഇളങ്കോ ആര്‍ പ്രശംസിക്കുകയും ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആംബുലന്‍സ് ഓടിച്ചതിനിടെ താന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ ഫൈസല്‍ പറഞ്ഞു. വണ്ടിയില്‍ രോഗിയില്ലെന്ന് പറയാനുള്ള സാവകാശം ലഭിച്ചില്ല, സൈറനും ഇട്ടിട്ടില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്ന റീല്‍സുകളില്‍ സൈറന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. അന്ന് തനിക്ക് ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ലെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |