ആലപ്പുഴ: ആദ്യത്തെ കൺമണിയെ മായമില്ലാത്ത കൺമഷികൊണ്ട് ഒരുക്കണമെന്ന് ചഞ്ചലയ്‌ക്ക് നിർബന്ധമായിരുന്നു. ആ ആഗ്രഹ സഫലീകരണമാണ് 'ഇഷാസി"ന്റെ ചരിത്രം. ആലപ്പുഴ ദേവികുളങ്ങര കുമരകത്തിൽ വീട്ടിൽ പ്രതാപന്റെ ഭാര്യ ചഞ്ചലയാണ് (38) മകൾ ഇഷിതയ്‌ക്കായി ഔഷധക്കൂട്ട് കൺമഷിയൊരുക്കി സംരംഭകയായത്.
നാല് വർഷം പിന്നിടുമ്പോൾ 'ഇഷാസ്" കേരളമാകെ പടരുകയാണ്. 120 രൂപയാണ് കൺമഷിയുടെ വില. മാസം ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലാണ് വിറ്റുവരവ്. വിദേശത്ത് അദ്ധ്യാപികയായിരുന്ന ചഞ്ചലയും മെക്കാനിക്കായിരുന്ന ഭർത്താവ് പ്രതാപനും വീടിന്റെ വാസ്‌തുബലിക്കാണ് നാട്ടിലെത്തിയത്. എന്നാൽ കൊവിഡുകാരണം മടക്കം പ്രതിസന്ധിയിലായി. ഗർഭിണിയായതോടെ ചഞ്ചല നാട്ടിൽ സ്ഥിരതാമസമാക്കി.
മകൾക്ക് മൂന്ന് മാസമായപ്പോഴാണ് മായമില്ലാത്ത കൺമഷിയൊരുക്കിയത്. കോട്ടൺ തുണിയിൽ ഔഷധച്ചെടി ഇലകൾ ചേർത്തുണക്കി, തിരികെട്ടിയായിരുന്നു നിർമ്മാണം. പ്ലാവില കൊണ്ട് അടർത്തിയെടുക്കുന്ന കരിയിൽ ആവണക്കെണ്ണയും ആൽമണ്ട് ഓയിലും തേനീച്ച മെഴുകും ചേർത്ത് കൺമഷിയൊരുക്കി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിച്ചപ്പോൾ മികച്ച അഭിപ്രായം ലഭിച്ചു. 2021ലായിരുന്നു 'ഇഷാസി"ന്റെ പിറവി. കുടുംബശ്രീയുടെ ഓൺലൈൻ, ഹോം ഷോപ്പി, കടകൾ തുടങ്ങിയവ വഴിയാണ് വില്പന. മകൾ ഇഷിതയ്‌ക്ക് നാലുവയസായി. എട്ടുമാസം പ്രായമുള്ള ഇഷാൻ മകനാണ്.
ലക്ഷ്യം എക്സ്‌പോർട്ടിംഗ് ലൈസൻസ്
ദേവികുളങ്ങര പഞ്ചായത്ത് ചഞ്ചലയെ കുടുംബശ്രീയിലേക്ക് അടുപ്പിച്ചതോടെ 'ഇഷാസ്" വികസിപ്പിച്ചു. ഇപ്പോൾ അഞ്ച് സ്ഥിരം ജീവനക്കാരും മൂന്ന് താത്കാലികക്കാരുമുണ്ട്. ഭർത്താവ് പ്രതാപൻ വിദേശ ജോലി ഉപേക്ഷിച്ച് 'ഇഷാസി"ന്റെ മേൽനോട്ടക്കാരനായി. എക്സ്‌പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമത്തിലാണിപ്പോൾ ചഞ്ചല.
ഔഷധ ഉമിക്കരി, തേനീച്ച മെഴുക് ബാം, തേനീച്ച മെഴുകുതിരി, ദന്തപ്പാല എണ്ണ, കുടങ്ങൽ അരിപ്പൊടി, കരിനൊച്ചി അരിപ്പൊടി, ഉരുക്ക് വെളിച്ചെണ്ണ, നെല്ലിക്കമിഠായി, നെല്ലിക്ക സർബത്ത്, നാളികേര സർബത്ത്, ഓർഗാനിക് കസ്തൂരി മഞ്ഞൾ, നാടൻ പിഴുപുളി എന്നിങ്ങനെ ഇഷാസിന്റെ പട്ടിക നീളും. ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. ഉത്പന്നങ്ങൾക്ക് കുടുംബശ്രീ രജിസ്ട്രേഷനുമുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്. ദേവികുളങ്ങരയിൽ മില്ലറ്റ് കഫേയുമുണ്ട്. മണിച്ചോളം പുട്ട്, റാഗി ഇഡലി, കുമ്പിളപ്പം, മില്ലറ്റ് പായസം, റാഗി ലഡു, വരക് നെയ്റോസ്റ്റ്, ചാമയരി ഇഡലി തുടങ്ങി മില്ലറ്റ് വിഭവങ്ങളാണ് കഫേയിലുള്ളത്. കണ്ണങ്കായ പൊടി, ഡയബറ്റിക് മില്ലറ്റ് കഞ്ഞിക്കൂട്ട് തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളും ഒരുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |