
പത്രങ്ങളും ചാനലുകളും, സോഷ്യൽ മീഡിയയും.. എന്തിനേറെ റോഡുവക്കിലെ മതിൽക്കെട്ടിലും നിറയെ സ്ഥാനാർത്ഥികൾ ചിരിച്ചു ചിരിക്കാതെയും നിറഞ്ഞിരിക്കുകയാണിപ്പോൾ. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ഒമ്പതുവരെ ഇതുതന്നെയാണ് അവസ്ഥ. കാലം മാറിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളും അപ്പടി മാറി. ന്യൂ ജെന്നിനെ സ്വാധീനിക്കണമെങ്കിൽ സോഷ്യൽ മീഡിയ ഉണ്ടെങ്കിലേ പറ്റൂ. അതനുസരിച്ച് പ്രചാരണ രീതിയും മാറി. അത്രയേ ഉള്ളൂ. പണ്ടുകാലത്തെ പ്രചാരണ രീതി എങ്ങനെയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത, കേട്ടാൽ അന്തംവിട്ടുപോകുന്ന രീതികളായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. അക്കാലത്തെ പ്രചാരണ രീതിയെക്കുറിച്ച് കേരകൗമുദി ഓൺലൈനോട് സംസരിക്കുകയാണ് ചില വയോധികർ.തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ സ്വദേശികളായ ഇവർക്ക് പ്രായം എഴുപതുകഴിയും.
നിലവിളക്കാണ് സ്റ്റാർ
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലുള്ള ആദ്യ പരിപാടി മതിലുകൾ ബുക്കുചെയ്യുകയാണ്. ഇപ്പോഴത്തെപ്പോലെ എല്ലായിടത്തും മതിലുണ്ടായിരുന്നില്ല. ജംഗ്ഷനുകളിലുള്ള വായനശാലകൾ, വിദ്യാലയങ്ങൾ, പൊതുകിണറുകൾ തുടങ്ങിയവയിലാണ് പ്രധാന ചുവരെഴുത്ത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ആ നിമിഷം തന്നെ അറിയാനുളള വഴികളും അന്നുണ്ടായിരുന്നില്ല. പത്രം തന്നെ അപൂർവം. ടെലിവിഷൻ ഇല്ല. പണക്കാരുടെ വീടുകളിൽ മാത്രം റേഡിയാേ കാണും. അതുകൊണ്ട് മന്ത്രിസഭ അഞ്ചുവർഷം പൂർത്തിയാകാറാകുമ്പാേഴേക്കും മതിലുകൾ ബുക്കുചെയ്തിടും. നീലവും കുമ്മായവും കലക്കിയാണ് ചുവരെഴുത്തും ബുക്കുചെയ്യലും.
സൈക്കിളിന്റെ പഴയ ടയറുകൾ സംഘടിപ്പിക്കലാണ് അടുത്ത പണി. രാത്രിയിലെ ചുവരെഴുത്തിന് വെളിച്ചമുണ്ടാക്കാനാണിത്. ടയറുകൾ കത്തിച്ച വെളിച്ചത്തിലാണ് ചുവരെഴുത്ത്. അന്ന് പെട്രോമാക്സിനായിരുന്നു ഇന്നത്തെ ഹാലജന്റെ സ്ഥാനം. പക്ഷേ, അത് വാടകയ്ക്ക് വേണമെങ്കിൽ നല്ല പണച്ചെലവുണ്ട്. ഈ പ്രശ്നം മറികടക്കാനുള്ള എളുപ്പവഴിയായിരുന്നു ടയർ കത്തിക്കൽ.
ചുവരെഴുത്തുകാർക്കുള്ള ആഹാരം മരച്ചീനിയാണ്. പരിചയമുളള ആൾക്കാരുടെ പറമ്പിലെ വിളഞ്ഞ ചീനി പിഴുതെടുത്ത് പുഴുങ്ങിയതും കന്താരിച്ചമ്മന്തിയും കട്ടൻകാപ്പിയും കൂടിയാകുമ്പോൾ കുശാലായി. വയറുനിറച്ച് കപ്പയും കാപ്പിയും മാത്രമാകും എഴുത്തിനുള്ള കൂലി. ചിലപ്പോൾ ഒരുകെട്ട് ബീഡിയും നൽകും. ബീഡി പ്രമുഖ ആർട്ടിസ്റ്റുകൾക്ക് മാത്രമാണ്.
ഇനിയാണ് നിലവിളക്കിന്റെ രംഗപ്രവേശം. രാത്രിയിലാണ് ആവശ്യം. വിളക്കിൽ നിന്ന് എണ്ണയൊഴിച്ച് തിരികത്തിക്കുന്ന ഭാഗം ഊരിമാറ്റും. ശേഷിക്കുന്ന ഭാഗം ഒരു കോളാമ്പിപോലെയാണെല്ലോ ഉണ്ടാവുക. രാത്രിയിൽ ഇതിലൂടെ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും വിളിച്ചുപറഞ്ഞുകൊണ്ട് ഇടവഴികളിലൂടെ പാർട്ടി പ്രവർത്തകർ നടക്കും. രാത്രി ശബ്ദശല്യമില്ലാത്തതിനാൽ വിളിച്ചുപറയുന്നത് ഉച്ചത്തിൽ എല്ലാവരും കേൾക്കും. എതിർപാർട്ടിക്കാരുടെ വീട്ടിനടുത്തെത്തുമ്പാേൾ വിളിച്ചുപറയലിന്റെ ശബ്ദം കൂടും. മൈക്കും അത് പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിയും അത്യപൂർവ വസ്തുവായതിനാലാണ് നിലവിളക്കിനോടുള്ള ഈ പ്രേമം.

സ്ഥാനാർത്ഥിക്കും കാറില്ല
സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്നത് ഇന്നൊരു പുതുമയേ അല്ല. എന്നാൽ പണ്ട് നടന്നും സൈക്കിളിന് പിന്നിലിരുന്നുമൊക്കെയാണ് സ്ഥാനാർത്ഥികൾ വോട്ടർമാരെ കണ്ടിരുന്നത്. അപൂർവമായി മാത്രമാണ് സ്ഥാനാർത്ഥികളുടെ വാഹനയാത്ര. കവലയോഗങ്ങളിൽ പ്രസംഗിക്കാനെത്തുന്നതും സൈക്കിളുകളുടെ അകമ്പടിയോടെയാണ്. ഏറ്റവും മുന്നിലും പിന്നിലുമുളള സൈക്കിളുകളിൽ കോളാമ്പി പിടിപ്പിച്ചിട്ടാവും. നടുക്കുള്ള സൈക്കിളിൽ ഇത് പ്രവർത്തിക്കുന്നതിന് വൈദ്യുതി നൽകുന്ന വലിയ ബാറ്ററിയും. ഇതിൽ നിന്ന് രണ്ട് സൈക്കിളുകളിലേക്കും വയർ വലിച്ചിട്ടുണ്ടാവും. ഇതിൽ മറ്റാരും ചവിട്ടാതെ ഉയർത്തിപ്പിടിച്ച് നടക്കാൻ പ്രത്യേക ആൾക്കാരും ഉണ്ടാവും. ചാർജുതീർന്നാൽ വയ്ക്കാനുളള പകരം ബാറ്ററിയും രണ്ടാമത്തെ സൈക്കിളിൽ ഉണ്ടാവും. കാളവണ്ടിയിൽ തുണിബോർഡുകെട്ടി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ എത്തും. ഇന്നത്തെ മൈക്ക് അനൗൺസ്‌മെന്റിന് പകരം.
കൈയെഴുത്ത് അഭ്യർത്ഥന
ചെയ്ത കാര്യങ്ങളും ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുമാണല്ലോ സ്ഥനാർത്ഥികളുടെ അഭ്യർത്ഥനയിൽ കാണുക. പണ്ടുകാലത്തും ഇതുപോലെതന്നെയായിരുന്നു. വളരെ ചെറിയ വാചകങ്ങളിലായിരുന്നു അഭ്യർത്ഥന. അച്ചടിക്കാനുളള പ്രയാസം കൊണ്ടായിരുന്നു ഇത്. അഭ്യർത്ഥന തികയാതെ വന്നാൽ കൈകൊണ്ടെഴുതും. പോസ്റ്ററുകളും ഇതുപോലെതന്നെയായിരുന്നു. പോസ്റ്ററുകൾ വരച്ചുണ്ടാക്കാൻ പ്രത്യേക ആൾക്കാരും ഉണ്ടായിരുന്നു.
കൊടികെട്ടലിനെ ജയിക്കാനാവില്ല
ജംഗ്ഷനിലെ പ്രധാനസ്ഥലത്ത് ഏറ്റവും ഉയരത്തിൽ കൊടികെട്ടുന്നതാണ് തിരഞ്ഞെടുപ്പിലെ ആദ്യത്തെ ജയം. രാഷ്ട്രീയ മാന്യത കാത്തുസൂക്ഷിച്ചിരുന്ന അക്കാലത്ത് ഒരാൾ കൊടികെട്ടിയ സ്ഥലത്ത് മറ്റൊരാൾ കൊടികെട്ടില്ല. മനഃപൂർവം അടിയുണ്ടാക്കാൻ കെട്ടുന്നവരും ഉണ്ട്. പോസ്റ്ററുകൾ വലിച്ചുകീറിയും ബുക്കുചെയ്തിരിക്കുന്നത് മായ്ച്ചും പ്രശ്നമുണ്ടാക്കുന്നവരും ഇതിനിടയിലുണ്ടാവും. പക്ഷേ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അടിയുണ്ടാക്കിയവർ ഭായി ഭായിമാരാവും.
കള്ളവോട്ടിന് പ്രത്യേക ഡ്യൂട്ടി
തിരിച്ചറിയൽ കാർഡ് ഇല്ലാതിരുന്ന അക്കാലത്ത് കള്ളവോട്ട് ചെയ്യിക്കാൻ പ്രത്യേക ആൾക്കാരുണ്ടായിരുന്നു. പാർട്ടിയുടെ വിശ്വസ്തരെ മാത്രമാണ് ഇതിനായി നിയോഗിച്ചിരുന്നത്. രണ്ടുസ്ഥലങ്ങളിൽ വോട്ടുള്ളവരെ രണ്ടിടത്തും വോട്ടുചെയ്യിപ്പിക്കുകയാണ് ഇവരുടെ ജോലി. പ്രത്യേക പരിശീലനവും ഇതിന് നൽകിയിട്ടുണ്ടാവും. വോട്ടുചെയ്യുമ്പോൾ പുരട്ടുന്ന മഷി മായ്ക്കാനുള്ള ദ്രാവകവും ഇവർക്ക് നൽകിയിട്ടുണ്ടാവും. മരിച്ചുപോയവരുടെ വോട്ടും ഇവർ ചെയ്യിപ്പിച്ചിരുന്നു. ഒരുദിവസം പല ബൂത്തുകളിലായി പത്തിലധികം വോട്ടുകൾ ഇങ്ങനെ ചെയ്യാറുണ്ടത്രേ.

ജയം അറിയുന്നത് ദിവസങ്ങൾ കഴിഞ്ഞ്
ഇന്ന് വോട്ടെണ്ണലിന്റെ ഓരോനിമിഷവും തൽസമയം ജനങ്ങൾക്ക് മുന്നിലെത്തും. എന്നാൽ പണ്ട് വോട്ടെണ്ണൽ പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞാവും ആരാണ് ജയിച്ചതെന്ന് മണ്ഡലത്തിലെ മുഴുവൻ പേരും അറിയുന്നത്. റേഡിയോയിലെ തിരഞ്ഞെടുപ്പ് വാർത്തയായിരുന്നു പ്രധാന ആശ്രയും. ഇതുവഴി ലീഡ് വിവരം അറിയുന്ന പ്രവർത്തകർ മറ്റുള്ളവരെ അറിയിക്കുകയാണ് ചെയ്തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |