പത്തനംതിട്ട: ''ആഹാരം കഴിക്കാനിരിക്കുമ്പോഴൊക്കെ പുതിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഒരു ശീലമുണ്ട്. ആഹാരത്തിന്റെ ഒരു വിഹിതം പേപ്പറിലോ പ്ളേറ്റിലോ എടുത്ത് പ്രാർത്ഥിക്കും. ചപ്പാത്തിയാണെങ്കിൽ ഒരു കഷ്ണം ചപ്പാത്തിയും കുറച്ചു കറിയും. അതുമായി പുറത്തേക്കിറങ്ങി പക്ഷികൾക്കു കൊടുക്കും. സാധുജീവികൾക്ക് ഭക്ഷണം കൊടുക്കേണ്ടത് എല്ലാ മനുഷ്യരുടെയും കടമയാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്''. പത്തുവർഷമായി സി.പി. രാധാകൃഷ്ണന്റെ സീനിയർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന തിരുവല്ല തുകലശേരി അറയ്ക്കാട്ട് നിർമ്മാല്യത്തിൽ ടി.സി. മണികണ്ഠൻപിള്ള പറയുന്നു. 2016ൽ രാധാകൃഷ്ണൻ കൊച്ചിയിൽ കയർബോർഡിന്റെ ചെയർമാനായിരിക്കെ അഡീഷണൽ സെക്രട്ടറിയായിരുന്നു മണികണ്ഠൻ പിള്ള. അന്നുമുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ബന്ധം.
തന്നെ കാണാനെത്തുന്നവർക്ക് ചായ കൊടുത്താൽ പോലും പണം സ്വയം നൽകുന്നയാളാണ് രാധാകൃഷ്ണൻ. അദ്ദേഹം ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരിയായിരുന്ന കാലത്ത് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന സ്വന്തം കാറിലായിരുന്നു യാത്ര. അതു കേടായപ്പോൾ അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായ ഒന്നേകാൽ ലക്ഷം രൂപ പാർട്ടി ഓഫീസിൽ നിന്ന് കൊടുത്തു. ഇതറിഞ്ഞ രാധാകൃഷ്ണൻ ഒരു ചെക്ക് ഒപ്പിട്ട് തന്റെ കൈയിൽ തന്നു. പാർട്ടിഓഫീസിൽ എത്തിച്ച് പാർട്ടിക്ക് സംഭാവനയായി ആ പണം ഈടാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
കയർബോർഡിൽ ജൂനിയർ ഓഡിറ്ററായിട്ടാണ് മണികണ്ഠൻപിള്ള ജോലി തുടങ്ങിയത്. രാധാകൃഷ്ണൻ ബി.ജെ.പി പ്രഭാരിയായപ്പോൾ സെക്രട്ടറിയാക്കി. പിന്നീട് ജാർഖണ്ഡിൽ ഗവർണറായപ്പോൾ മണികണ്ഠൻപിള്ള സീനിയർ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മഹാരാഷ്ട്ര ഗവർണർ ആയപ്പോൾ കേരളത്തിലെയും തമിഴ്നാട്ടിലെയും അദ്ദേഹത്തിന്റെ യോഗങ്ങളുടെ ചുമതല മണികണ്ഠൻപിള്ളയ്ക്കായിരുന്നു.
'നിലപാടിൽ കർക്കശക്കാരൻ'
മൃദുവായി സംസാരിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്യുന്നയാളാണ് സി.പി. രാധാകൃഷ്ണൻ. എന്നാൽ, നിലപാടുകളിൽ കർക്കശക്കാരനുമാണ്. പാർട്ടി ചുമതലയുമായി തിരുവനന്തപുരത്ത് താമസിച്ചപ്പോൾ വാടക സ്വന്തം കൈയിൽ നിന്നാണ് രാധാകൃഷ്ണൻ നൽകിയിരുന്നത്. കയർബോർഡ് ചെയർമാനായിരിക്കെ ഒരുരൂപ പോലും പാഴാക്കാൻ അനുവദിച്ചിരുന്നില്ല. അതിഥികൾക്ക് ചായ സത്കാരം നടത്തുന്നതിന്റെ ചെലവ് കൃത്യമായി പരിശോധിക്കുമായിരുന്നു. ഇത്തരം ചെലവുകൾ ഒരു ദിവസം നൂറു രൂപയിൽ കൂടാറില്ല-
മണികണ്ഠൻപിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |