
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തുടനീളം മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ വാർത്താക്കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് മേൽക്കൈ നേടാൻ കഴിഞ്ഞതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ചെലുത്തിയത് മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയ്ക്കും ഫലം അടിവരയിടുന്നു. എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസനജനക്ഷേമ പദ്ധതികൾക്കുള്ള ജനപിന്തുണ വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |