
പാലക്കാട്: 25 വർഷത്തോളം ഭരിച്ച അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൽഡിഎഫ്. ആകെ 14 വാർഡുകളാണ് ഇവിടെയുള്ളത്. ഇതിൽ ഏഴു വീതം സീറ്റുകളിൽ സിപിഎമ്മും സിപിഐയും മത്സരിച്ചു. എന്നാൽ ഒരു സീറ്റിൽ പോലും ജയിക്കാൻ സാധിച്ചില്ല. പഞ്ചായത്തിൽ ബിജെപി അട്ടിമറി ഭരണം സ്വന്തമാക്കി. ഒമ്പത് സീറ്റുകൾ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യുഡിഎഫ് അഞ്ച് സീറ്റുകൾ നേടി.
പഞ്ചായത്ത് അദ്ധ്യക്ഷയും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ ജ്യോതി അനിൽ കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയോട് തോറ്റു. പലയിടങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തായി. എൽഡിഎഫിന് സ്വാധീനമുണ്ടായിരുന്ന വാർഡുകളിൽ നിന്ന് അഞ്ചു സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. ഒരു സീറ്റ് യുഡിഎഫും പിടിച്ചെടുത്തു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് (6), യുഡിഎഫ് (3), ബിജെപി (3) എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഗോത്രവർഗക്കാർ ഉൾപ്പെടെ ആദിവാസികൾ കൂടുതലുള്ള പഞ്ചായത്താണ് പുതൂർ. പഞ്ചായത്തിലെ ആദിവാസികൾക്കുള്ള കിടപ്പാടം പദ്ധതിയിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയതും എൽഡിഎഫിന് തിരിച്ചടിയായി. കേസിൽ പഞ്ചായത്ത് അദ്ധ്യക്ഷയുൾപ്പെടെ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |