
കണ്ണൂർ: വർഷങ്ങളായി നൂലിഴയിൽ സ്വപ്നങ്ങൾ നെയ്‌തെടുക്കുന്ന രണ്ടുപേർ. അവർക്ക് ഖാദി കമ്മിഷനിൽ നിന്ന് കോൾ വന്നപ്പോൾ സാധാരണ മീറ്റിംഗിനുള്ള വിളിയാണെന്നാണ് കരുതിയത്. എന്നാൽ 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി തിരഞ്ഞെടുത്തെന്ന് അറിയിച്ചപ്പോളുണ്ടായ അമ്പരപ്പ് കെ.വി. ബിന്ദുവിനും എലിസബത്ത് ജോർജിനും ഇതുവരെ മാറിയിട്ടില്ല.
കണ്ണൂർ പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദി സംഘത്തിലെ നെയ്ത്തുതൊഴിലാളികളാണ് കെ.വി. ബിന്ദുവും എലിസബത്ത് ജോർജും. ചെറുപുഴ കുണ്ടംതടം യൂണിറ്റിൽ ബിന്ദു പതിനാറും എലിസബത്ത് പതിമൂന്നും വർഷമായി ജോലി ചെയ്യുന്നു.
പുതുവത്സര സമ്മാനം പോലെയാണ് വിവരം അറിഞ്ഞതെന്നും ഭാഗ്യമാണെന്നും ഇരുവരും പറയുന്നു. പ്രധാനമന്ത്രിയെയും പരേഡും നേരിട്ടുകാണാൻ കഴിയുന്നതിലെ സന്തോഷത്തിലാണിവർ.
മോദി അതിശയിച്ച ഷർട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിച്ചപ്പോൾ തിരുവനന്തപുരത്തുവച്ച് കണ്ട 'ട്രിപ്ലൈ മനില ഷർട്ടിംഗി'ൽ അതിശയിക്കുകയും ഉത്പന്നത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ തുണികൾ പിന്നീട് മോദിക്ക് സമ്മാനമായി നൽകി. ആ തുണി നെയ്ത കൈകൾക്ക് മുന്നിലാണ് രാജ്യം ഇപ്പോൾ വാതിലുകൾ തുറന്നിട്ടിരിക്കുന്നത്. ഇതോടെ പയ്യന്നൂർ ഖാദിയുടെ പ്രത്യേകത ദേശീയതലത്തിൽ ശ്രദ്ധനേടി.മൂന്നു വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകൾ ഉപയോഗിച്ച് പ്രത്യേക വൈദഗ്ദ്ധ്യത്തോടെയാണ് മനില ഷർട്ട് പീസുകൾ നെയ്‌തെടുക്കുന്നത്.
തുച്ഛമായ കൂലി
തുച്ഛമായ കൂലിയാണ് നെയ്ത്തുകാർക്ക് കിട്ടുക. വീട്ടിൽ നിന്നും യൂണിറ്റിലെത്തിയും തൊഴിലെടുക്കുന്ന അമ്പത്തിയേഴ് തൊഴിലാളികളാണ് കുണ്ടംതടം യൂണിറ്റിലുള്ളത്. ഒരു മീറ്റർ നെയ്താൽലഭിക്കുന്നത് എഴുപത് രൂപ മാത്രം.
ഫർക്ക ഗ്രാമോദയ ഖാദി സംഘത്തിന്റെ ഡയറക്ടർ ബോർഡിലെ തൊഴിലാളി പ്രതിനിധി കൂടിയാണ് ബിന്ദു.
ഭർത്താവ് രാജീവൻ. മക്കൾ വിഷ്ണു, ജിഷ്ണു. എലിസബത്തിന്റെ ഭർത്താവ് റെജി. ബിന്ദുവും മകൻ ജിഷ്ണുവും എലിസബത്തും റെജിയും 22ന് ഡൽഹിയിലേക്ക് പറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |