
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ കേസ് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. എസ്‌ഐടി ഓഫീസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തിയത് തന്ത്രി കണ്ഠരര് രാജീവരാണെന്ന് നേരത്തെ കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി പുറത്തുവന്നിരുന്നു. സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ അനുമതി നൽകിയത് തന്ത്രിമരാണെന്നും പത്മകുമാർ മൊഴി നൽകിയിരുന്നു.
2007ൽ മുതൽ കണ്ഠരര് രാജീവരരിന്റെ കൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുണ്ട്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സോപാനത്ത് തന്ത്രി രാജീവര് നമസ്‌കരിക്കുമ്പോൾ തന്ത്രിയുടെ തൊട്ടുപിന്നിലും പോറ്റിയുണ്ടായിരുന്നു. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു. ഇതിനുള്ള വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കമാണ് ഇപ്പോൾ തന്ത്രിയെ കുടുക്കിയത്.
പത്മകുമാറിന്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവയ്ക്കാൻ അന്വേഷണ സംഘം ശ്രദ്ധിച്ചു. മൂന്ന് അനുമതികളാണ് തന്ത്രി പ്രധാനമായും നൽകിയത്. ഇത് സംശയാസ്പദമാണെന്നാണ് റിപ്പോർട്ട്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി അഥവാ അനുജ്ഞ ആവശ്യമാണ്. ഒരു സമയത്ത് ദേവസ്വം വിജിലൻസ് തന്ത്രിയെ വിശ്വാസത്തിൽ എടുത്താണ് അന്വേഷണം നടത്തിയത്. തന്ത്രിക്ക് നേരിട്ട് പങ്കില്ലെന്ന് മനസിലാക്കിയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ അന്വേഷണ സംഘം കണ്ഠരര് രാജീവരെ അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.
പത്മകുമാറിന്റെ ഒളിയമ്പ്
2007 ൽ കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയിൽ എത്തുന്നതിന് മുമ്പ് ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി . അവിടെ നിന്നാണ് ശബരിമലയിലേക്ക് വരുന്നത്. അന്ന് ജലഹള്ളിയിൽ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണമെന്ന് പത്മകുമാർ ആവശ്യപ്പെട്ടിരുന്നു. എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നും പത്മകുമാർ പറഞ്ഞിരുന്നു. ഇപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്തതോടെയാണ് ഈ ഒളിയമ്പ് ആർക്ക് നേരെയാണെന്ന് വ്യക്തമായത്.
ശബരിമലയിൽ ഉണ്ടായ മുഴുവൻ കാര്യങ്ങളുടെയും ഉത്തരവാദിത്തം 2019ലെ ഭരണസമിതിയ്ക്ക് ആണോ? ഈ അവതാരങ്ങളെയെല്ലാം ശബരിമലയിൽ എത്തിച്ചത് ഭരണസമിതിയാണോ? ഇന്നല്ലെങ്കിൽ നാളെ സത്യം തെളിയും. അപ്പോൾ മറുപടി പറയേണ്ടവർ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും പദ്മകുമാർ പറഞ്ഞിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നുമല്ലാതെ മറ്റു പശ്ചാത്തലങ്ങൾ ഒന്നും അറിയില്ലെന്നായിരുന്നു നേരത്തെ കണ്ഠരര് രാജീവര് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |