
പട്‌ന: മന്ത്രവാദം ചെയ്യുന്നുവെന്നാരോപിച്ച് യുവതിയെ അയൽവാസികൾ മർദിച്ച് കൊലപ്പെടുത്തി. കിരൺ ദേവി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ രണ്ട് സ്‌ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബീഹാറിലെ നവാഡ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
മന്ത്രവാദം ചെയ്യുന്നുണ്ടെന്നും അതുകാരണം തങ്ങളുടെ കുട്ടിക്ക് അസുഖം ബാധിച്ചുവെന്നും ആരോപിച്ചാണ് അയൽവാസികൾ കിരൺ ദേവിയെ ക്രൂരമായി മർദിച്ചതെന്നാണ് വിവരം. മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നത്രു ചൗധരി, ശോഭാ ദേവി എന്നിവരാണ് യുവതിയെ ഇഷ്‌ടികയും കല്ലും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് അതിക്രൂരമായി മർദിച്ചതെന്നാണ് കിരൺ ദേവിയുടെ ബന്ധു പറയുന്നത്.
നിരന്തരമായ ശാരീരിക പ്രശ്‌നങ്ങൾ കാരണം മുകേഷിന്റെ കുട്ടിയെ ഡോക്‌ടറെ കാണിച്ചിരുന്നു. പരിശോധനയിൽ കുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖമാണെന്ന് കണ്ടെത്തി. ഇതോടെ കുട്ടിയുടെ അസുഖത്തിന് കാരണം കിരൺദേവിയാണെന്ന് കുടുംബം നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. കിരൺ ദുർമന്ത്രവാദിയാണെന്നും ദുരാചാരം ചെയ്യുമെന്നുമായിരുന്നു അവരുടെ ആരോപണം. പിന്നാലെ വ്യാഴാഴ്‌ച അയൽവീട്ടുകാർ സംഘം ചേർന്ന് കിരൺ ദേവിയെ കൊലപ്പെടുത്തി. കിരണിന്റെ വീട്ടുകാർക്കും മർദനത്തിൽ മാരകമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കിരൺ ദേവിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |