തിരുവനന്തപുരം: ട്രെയിൻ യാത്രയിൽ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നത് പതിവാണ്. ചിലപ്പോൾ ട്രെയിൻ വൈകും, എസി പ്രവർത്തിക്കില്ല, പ്രത്യേക സാഹചര്യങ്ങളിൽ റൂട്ട് മാറ്റം എന്നിങ്ങനെ പോകുന്നു കാരണങ്ങൾ. എന്നാൽ ഇങ്ങനെയൊക്കെ സംഭവിച്ചൽ യാത്രക്കാർക്ക് പണം റീഫണ്ട് ലഭിക്കുന്ന സംവിധാനത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇക്കാരണങ്ങളാൽ നിങ്ങളുടെ ട്രെയിൻ യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടാൽ റെയിൽവെ നിങ്ങൾക്ക് പണം റീഫണ്ട് നൽകുന്ന സംവിധാനം നിലവിലുണ്ട്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ആണ് യാത്രക്കാർക്ക് നിരവധി സാഹചര്യങ്ങളിൽ ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നത്. www.irctc.co.in എന്ന വെബ്‌സൈറ്റിലൂടെയാണ് യാത്രക്കാർക്ക് ടിഡിആർ ഫയൽ ചെയ്യാൻ സാധിക്കുക.
യാത്രയ്ക്ക് ശേഷം ഒരു നിശ്ചിത സമയത്തിനുള്ളിൽ ടിഡിആർ ഫയൽ ചെയ്യണം. ഉദാഹരണത്തിന് ട്രെയിൻ മൂന്ന് മണിക്കൂർ വൈകിയതിനെ തുടർന്ന് നിങ്ങൾ യാത്ര റദ്ദാക്കുകയാണെങ്കിൽ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മുമ്പ് ടിഡിആർ ഫയൽ ചെയ്യണം. അതുപോലെ, നിങ്ങളെ എസിയിൽ നിന്ന് ലോവർ ക്ലാസിലേക്ക് തരംതാഴ്ത്തിയാലോ എസി തകരാർ നേരിട്ടാലോ, ട്രെയിൻ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി 20 മണിക്കൂറിനുള്ളിൽ ടിഡിആർ ഫയൽ ചെയ്യണം.
കോച്ച് മാറ്റങ്ങൾ, റൂട്ട് വഴിതിരിച്ചുവിടലുകൾ, ട്രെയിനുകളുടെ ഷോർട്ട് ടെർമിനേഷൻ എന്നിവയാണ് ടിഡിആർ അപേക്ഷിക്കാൻ സാധിക്കുന്ന മറ്റ് സാഹചര്യങ്ങൾ. ഐആർസിടിസി വെബ്‌സൈറ്റ് അനുസരിച്ച്, ട്രെയിനുകൾ വഴിതിരിച്ചുവിട്ട് ബോർഡിംഗ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ സ്റ്റേഷനുകളിൽ എത്തിയില്ലെങ്കിൽ യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനുള്ളിൽ ടിക്കറ്റ് ഫയൽ ചെയ്താൽ റീഫണ്ട് ലഭ്യമാകും. യാത്രക്കാരുടെ സംതൃപ്തി മെച്ചപ്പെടുത്തുക എന്നതാണ് ഈ പ്രക്രിയയിലൂടെ ഇന്ത്യൻ റെയിൽവെ ലക്ഷ്യം വയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |