ആലപ്പുഴ: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടിയുടെ അവകാശിയെക്കുറിച്ചുള്ള ഊഹപ്രചാരണങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് ഭാഗ്യവാൻ ഇന്നലെ രംഗത്തെത്തിയത്. നെട്ടൂരിലെ പെയിന്റ് ഷോറൂമിൽ ഗോഡൗൺ ഇൻചാർജ്ജായി ജോലി ചെയ്യുന്ന ശരത് എസ് നായരാണ് ആ ഭാഗ്യവാൻ. ജീവിതത്തിൽ ആദ്യമായാണ് ശരത് ബമ്പർ ടിക്കറ്റെടുക്കുന്നത്. ഭാഗ്യ ടിക്കറ്റ് കഴിഞ്ഞ ദിവസം ശരതും സഹോദരനും ചേർന്ന് എസ്ബിഐ തുറവൂർ ശാഖയിൽ ഏൽപ്പിച്ചു.
ഇപ്പോഴിതാ 25 കോടിയുടെ ബമ്പർ ടിക്കറ്റ് എൽപ്പിക്കാൻ ശരത് ബാങ്കിലെത്തിയപ്പോഴുണ്ടായ അനുഭവം പറയുകയാണ് എസ്ബിഐ ബാങ്ക് മാനേജർ. 25 കോടിയുടെ ബമ്പറടിച്ചിട്ടും അദ്ദേഹം വളരെ കൂളായിട്ടാണ് ബാങ്കിലെത്തിയതെന്ന് മനേജർ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് എക്‌സൈറ്റ്‌മെന്റോ ഒന്നും ഉണ്ടായിട്ടില്ല. ഇത് കണ്ടപ്പോൾ തനിക്ക് അത്ഭുതമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ ശാഖയിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഡെപ്പോസിറ്റ് വരുന്നത്. അദ്ദേഹത്തോട് നന്ദിയുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഓണം ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഞങ്ങളുടെ കസ്റ്റമർ കൊണ്ടുവരുന്നത് സന്തോഷമുള്ള കാര്യമാണ്. കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അവർക്ക് ഉയർച്ചയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു'- ബാങ്ക് മാനേജർ പറഞ്ഞു.
എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷിൽ നിന്നെടുത്ത ടി എച്ച് 577825 എന്ന ടിക്കറ്റാണ് ഭാഗ്യം പ്രസാദിച്ചത്. ജോലിക്ക് പോകും വഴിയാണ് ടിക്കറ്റ് വാങ്ങിയത്. ഓണം ബമ്പർ നറുക്കെടുപ്പ് തീയതി മാറ്റി വച്ചത് അറിഞ്ഞതോടെയാണ് ശരത് ടിക്കറ്റെടുക്കാൻ തീരുമാനിച്ചത്. വല്ലപ്പോഴും ചെറിയ തുകയുടെ ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നെന്ന് ശരത് പറയുന്നു.
നറുക്കെടുപ്പ് ദിവസം ജോലിക്കിടയിലാണ് ഫലം അറിഞ്ഞത്. ടിക്കറ്റിലെ നമ്പർ ഒത്തുനോക്കാൻ ഭാര്യ അപർണയോട് പറഞ്ഞു. സഹോദരൻ രഞ്ജിത്തിനോടും ഇക്കാര്യം പറഞ്ഞു. രണ്ടു ദിവസം ബാങ്ക് അവധിയായിരുന്നതിനാൽ ടിക്കറ്റ് വീട്ടിൽ സൂക്ഷിച്ചു. ഇന്നലെ രാവിലെ നെട്ടൂരിലെ പെയിന്റ് ഷോറൂമിൽ ജോലിക്കെത്തിയശേഷം അവധിയെടുത്ത് എസ്.ബി.ഐ തുറവൂർ ശാഖയിലെത്തി ടിക്കറ്റ് സമർപ്പിച്ചു. ബമ്പർ ഭാഗ്യശാലി താനാണെന്ന് ശരത് മാദ്ധ്യമങ്ങളെയും വിളിച്ചറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |