SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപ് കുറ്റവിമുക്തൻ, പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

Increase Font Size Decrease Font Size Print Page

dileep

കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ഇവർക്കെതിരെ തെളിഞ്ഞു. ദിലീപിനെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇവർക്ക് പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. ഈ മാസം 12 വെള്ളിയാഴ്‌ചയാണ് ശിക്ഷാവിധി.

ഏഴാം പ്രതി ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‌ഡ്‌ജി ഹണി എം വർഗീസ് ആണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ എട്ടരവർഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുൾപ്പെടെ കേസിൽ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ. നടൻ ദിലീപ് എട്ടാം പ്രതിയും സനിൽകുമാർ (മേസ്തിരി സനിൽ) ഒമ്പതാം പ്രതിയുമായിരുന്നു.

ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി ശരത്ത് പത്താം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.

TAGS: CASE DIARY, ACTRESS ATTACK CASE, PULSAR SUNI, VERDICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY