
തിരുവനന്തപുരം: സൗരയൂഥത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഉൽക്കകളിലെ ജലസാന്നിദ്ധ്യവും പഠിക്കാനുള്ള യു.എ.ഇ ദൗത്യത്തിന് മലയാളികൾ നിർമ്മിച്ച പേടകം. ബഹിരാകാശത്ത് 13 വർഷം കൊണ്ട് 500 കോടി കിലോമീറ്റർ സഞ്ചരിക്കുന്ന വമ്പൻ ദൗത്യത്തിന് വേണ്ടിയാണിത്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് 'ഹെക്‌സ 20'യാണ് ആസ്ട്രോയ്ഡ് ലാൻഡർ എന്ന പേടകം നിർമ്മിച്ചത്. മലയാളികളായ അമൽ ചന്ദ്രൻ, അശ്വിൻ ചന്ദ്രൻ, എം.ബി. അരവിന്ദ്, അനുരാഗ് രഘു, ലോയ്ഡ് ജേക്കബ് ലോപ്പസ് എന്നിവർ ചേർന്ന് തുടങ്ങിയ സ്റ്റാർട്ടപ്പാണ് ഹെക്സ. അമൽ ചന്ദ്രനാണ് സി.ഇ.ഒ.
പേടകം അടുത്തവർഷം യു.എ.ഇയ്ക്ക് കൈമാറും. യു.എ.ഇയുടെ മുഹമ്മദ് ബിൻ റഷീദ് (എം.ബി.ആർ) എക്‌സ്‌പ്ളോറർ ആസ്ട്രോയിഡ് എന്ന 2300 കിലോ ഭാരമുള്ള ഉപഗ്രഹത്തിലാണ് ഘടിപ്പിക്കുന്നത്. ജപ്പാന്റെ മിത്സുബിഷി റോക്കറ്റിൽ ജപ്പാനിൽ നിന്ന് 2028ലാണ് വിക്ഷേപണം. നാരോ ആംഗിൾ ക്യാമറ, മിഡ് വേവ് ഇൻഫ്രാ റെഡ് സ്‌പെക്ടോമീറ്റർ, തെർമ്മൽ ഇൻഫ്രാറെഡ് സ്‌പെക്ട്രോമീറ്റർ, തെർമ്മൽ ഇൻഫ്രാ റെഡ് ക്യാമറ തുടങ്ങിയവ പേടകത്തിലുണ്ടാകും.
കൊളറാഡോ അടക്കം ലോകത്തെ വിവിധ സർവകലാശാലകളും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും ജപ്പാനും കൈകോർക്കുന്ന ഒരു ബില്യൺ ദിർഹം ചെലവുവരുന്നതാണ് (ഏകദേശം 2425കോടി) യു.എ.ഇ സ്‌പെയ്സിന്റെ പദ്ധതി. ഓസ്‌ട്രേലിയ, യു.എസ്, തായ്‌വാൻ എന്നിവിടങ്ങളിൽ 'ഹെക്‌സ'യ്ക്ക് ഓഫീസുണ്ട്. തായ്‌വാൻ, യു.കെ എന്നിവയ്‌ക്കായി ഓരോ ഉപഗ്രഹം നിർമ്മിച്ചു കൊണ്ടിരിക്കുന്നു. രണ്ട് ഉപഗ്രഹങ്ങൾ നിർമ്മിച്ച് കൈമാറി.
അന്തിമ ലക്ഷ്യം 'ജസ്റ്റിറ്റിയ' ഉൽക്ക
1. പേടകം പല ഉൽക്കകളെ നിരീക്ഷിച്ച് വിവരം കൈമാറും. എങ്കിലും അവസാന ലക്ഷ്യം ഏഴാമത്തെ വമ്പൻ ഉൽക്കയായ 'ജസ്റ്റിറ്റിയ'യാണ്. അവിടെ എത്താനാണ് പതിമൂന്നു വർഷം. അതിന്റെ ഭ്രമണപഥത്തിൽ എത്തിയാൽ വേർപെട്ട് സ്ഥിരമായി ഭ്രമണം ചെയ്യും.
2. ചൊവ്വയ്ക്കും ബുധനും ഇടയിലായി ഉൽക്കകൾ കറങ്ങിക്കൊണ്ടിരിക്കുന്ന ബഹിരാകാശമേഖലയിലാണ് പേടകം പ്രവേശിക്കുന്നത്. ബുധന്റെ വലയത്തിലേക്കാണ് ആദ്യം പോകുക. തിരിച്ച് ഭൂമിയുടെ ആകർഷണ വലയത്തിൽ വന്ന് ഭ്രമണവേഗം കൂട്ടി യാത്രതുടരും. വെസ്റ്റർ വാൾഡ്, ചിമേറ, റോക് ഓക്സ് എന്നീ ഉൽക്കകളെ അടക്കം നിരീക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |