മുംബയ്: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വസതിയാണ് ആന്റിലിയ. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വസതികളിലൊന്നാണിത്. 27 നിലകളുള്ള ഈ കെട്ടിടത്തിൽ ഏത് നിലയിലാണ് മുകേഷ് അംബാനിയും നിത അംബാനിയും താമസിക്കുന്നതെന്നറിയാമോ?
നാല് ലക്ഷം ചതുരശ്ര അടിയിലാണ് ആന്റിലിയ നിർമിച്ചിരിക്കുന്നത്. 15,000 കോടി രൂപയാണ് നിർമാണച്ചെലവ്. പെർകിൻസ് ആന്റ് വിൽ, ഹിച്ച് ബെദ്‌നാർ അസോസിയേറ്റ്‌സ് എന്നീ അമേരിക്കൻ കമ്പനികളാണ് ആന്റിലിയ ഡിസൈൻ ചെയ്തതും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതും. 2008ൽ നിർമാണം ആരംഭിച്ച് വെറും രണ്ട് വർഷങ്ങൾകൊണ്ടാണ് കെട്ടിടം പണിതത്.
173 മീറ്ററാണ് ആന്റിലിയയുടെ ഉയരം. പുരാണങ്ങളിൽ പറയപ്പെടുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിൽ നിന്നാണ് അംബാനി തന്റെ വസതിക്ക് ആന്റിലിയ എന്ന് പേര് നൽകിയത്. ഒരു വീട് എന്നതിനുപരി ആഗോളശ്രദ്ധ പിടിച്ചുപറ്റിയ കെട്ടിടം കൂടിയാണിത്.
മൂന്ന് ഹെലിപാഡുകൾ, മൾട്ടി സ്റ്റോറി കാർ പാർക്കിംഗ്, മൂന്ന് ഹൈസ്‌പീഡ് എലിവേറ്ററുകൾ എന്നിവ ആന്റിലിയയുടെ സവിശേഷതകളിൽ ചിലത് മാത്രമാണ്. റിക്ടർ സ്‌കെയിലിൽ 8.0 തീവ്രതയുള്ള ഭൂകമ്പത്തെവരെ ആന്റിലിയയ്ക്ക് അതിജീവിക്കാനാവും.
ആന്റിലിയയുടെ 27ാം നിലയിലാണ് അംബാനി കുടുംബം താമസിക്കുന്നത്. 25 നിലകളിൽ ആൾ താമസമില്ല. മുകേഷ് അംബാനിയുടെ രണ്ട് ആൺമക്കളും കുടുംബവും താമസിക്കുന്നതും 27ാം നിലയിലാണ്. കെട്ടിടത്തിന്റെ ഏറ്റവും അവസാന നിലയിൽ താമസിക്കാനുള്ള തീരുമാനം വീട്ടിലെ ഗൃഹനാഥയായ നിത അംബാനിയുടേതാണ്.
എല്ലാ മുറികളിലും പ്രകൃതിദത്തമായ കാറ്റും വെളിച്ചവും ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് ഏറ്റവും മുകളിലത്തെ നിലയിൽ താമസിക്കാൻ തീരുമാനിച്ചതെന്ന് ചില അഭിമുഖങ്ങളിൽ നിത അംബാനി വ്യക്തമാക്കിയിരുന്നു. ആഡംബരത്തിനൊപ്പം സുഖത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് നിതയുടെ തീരുമാനമെന്നാണ് വിലയിരുത്തൽ. അംബാനി കുടുംബം താമസിക്കുന്ന 27ാം നിലയിൽ അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് പ്രവേശനമുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |