
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗസമിതി രൂപീകരിച്ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ നടപടിക്കെതിരെ ജസ്റ്റിസ് യശ്വന്ത് വർമ്മ സുപ്രീംകോടതിയെ സമീപിച്ചു. ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കണമോയെന്നത് സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌പീക്കർ തീരുമാനമെടുക്കുന്നത്. മെമോ ഓഫ് ചാർജസിന് മറുപടി നൽകാൻ ആറാഴ്ച സമയം സമിതി അനുവദിച്ചിരിക്കെയാണ് പരമോന്നത കോടതിയെ യശ്വന്ത് സമീപിച്ചത്. ഹർജിയിൽ ലോക്‌സഭാ സ്‌പീക്കർക്കും, രാജ്യസഭാ - ലോക്‌സഭാ സെക്രട്ടേറിയറ്രുകൾക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സമിതി രൂപീകരിച്ചത് നിയമവിരുദ്ധ നടപടിയാണെന്നും, റദ്ദാക്കണമെന്നും ആരോപണവിധേയനായ ജഡ്‌ജി ഹർജിയിൽ ആവശ്യപ്പെട്ടു. രാജ്യസഭാ ചെയർമാൻ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിക്കാത്തതും ചൂണ്ടിക്കാട്ടി. യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെയാണ് ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത്. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയാണ്. സുപ്രീംകോടതി സിറ്രിംഗ് ജഡ്‌ജി അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്‌തവ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങിയതാണ് അന്വേഷണസമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |