
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് യമുന എക്‌സ്‌പ്രസ് വേയിൽ 11 വാഹനങ്ങൾ കൂട്ടിയിടിച്ച് തിപീടിച്ചു. 13 പേർ പൊള്ളലേറ്റു മരിച്ചു. 60ഓളം പേർ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ നാലോടെ ഉത്തർപ്രദേശ് മഥുരയ്‌ക്ക് സമീപം യമുന എക്‌സ്‌പ്രസ് വേയിലെ അഗ്ര-നോയിഡ സ്ട്രെച്ചിലായിരുന്നു അപകടം. എട്ടു ബസുകളും മൂന്നു കാറുകളും കൂട്ടിയിടിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. 11ൽപ്പരം അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീയണച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് മഥുര ജില്ലാ മജിസ്ട്രേട്ട് ഉത്തരവിട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. നാലു മണിക്കൂറോളം മേഖല വഴിയുള്ള ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങളെ ക്രെയിനുകളുപയോഗിച്ചുമാറ്റി. മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന അടക്കം നടന്നുവരികയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകും. പ്രധാനമന്ത്രിയുടെ ദേശീയ റിലീഫ് ഫണ്ടിൽ നിന്ന് രണ്ട് ലക്ഷവും യു.പി സർക്കാർ രണ്ട് ലക്ഷവും. പരിക്കേറ്റവർക്ക് ഒരുലക്ഷം വീതം നൽകും.
അനുശോചിച്ച് രാഷ്ട്രപതി
സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചിച്ചു. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്കൊപ്പമാണ് തന്റെ ചിന്തകളെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്‌സിൽ കുറിച്ചു. മികച്ച ചികിത്സ ഉറപ്പാക്കാൻ എല്ലാ നിർദ്ദേശവും നൽകിയതായി യോഗി ആദിത്യനാഥ് പറഞ്ഞു.
അമ്മയെ തേടി
രക്ഷപ്പെട്ട കുട്ടികൾ
വൻസ്‌ഫോടനശബ്‌ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽപ്പെട്ട ഒരു ബസിലുണ്ടായിരുന്ന രണ്ട് കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തകർന്ന വിൻഡോ വഴി അമ്മ പാർവതി രക്ഷപ്പെടുത്തിയെന്ന് പ്രാചിയും സണ്ണിയും വിതുമ്പിക്കൊണ്ടു പറഞ്ഞു.
എന്നാൽ അമ്മയ്ക്ക് പുറത്തിറങ്ങാനായില്ല. മരിച്ചവരിൽ പാർവതിയുണ്ടോയെന്ന് ഡി.എൻ.എ ഫലം വരും വരെ കാത്തിരിക്കേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |