ആലപ്പുഴ: കുടുംബസുഹൃത്തിന് കൈമാറാനായി കൊണ്ടുവന്ന 16 പവൻ സ്വർ ണാഭരണം ബസ് യാത്രക്കിടെ മോഷണം പോയതായി പരാതി. കളക്ടറേറ്റിലെ റവന്യു വിഭാഗം സീനിയർ സൂപ്രണ്ടിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന 11,2000 രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ജീവനക്കാരിയുടെ പരാതിയെ തുടർന്ന് സൗത്ത് പൊലീസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
കോട്ടയം നഗരസഭ 8-ാംവാർഡിൽ പെരുമ്പായിക്കാട് താമസക്കാരിയാണ് ജീവനക്കാരി. 8ന് രാവിലെ പതിവ് പോലെ ജോലിക്കായി കെ.എസ്.ആർ.ടി.സി ബസിൽ ആലപ്പുഴയിലേക്ക് വരികയായിരുന്നു. കല്ലുപാലം ജംഗ്ഷനിൽ ഇറങ്ങിയ ശേഷം സ്വകാര്യബസിൽ കളക്ടറേറ്റിൽ എത്തിയപ്പോഴാണ് ആഭരണം നഷ്ടപെട്ട വിവരം അറിഞ്ഞത്. താര ഫാഷൻ താലിയോടുകൂടിയ താലിമാല, ഒറ്റക്കണ്ണി കൈചെയിൻ, രണ്ട് പൈപ്പ് വള, സ്ക്രൂവീതിയുള്ള വള ഒന്ന്, കുട്ടിവള നാല് എന്നിവയാണ് മോഷണം പോയത്.
കോട്ടയത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിന്റെ മുൻ ഭാഗത്തെ സീറ്റിലാണ് ജീവനക്കാരി ഇരുന്നത്. ടിക്കറ്റ് എടുക്കുന്നതിന് ബാഗ് തുറന്ന് പണം എടുക്കുമ്പോഴും സ്വർണ്ണാഭരണം അടങ്ങിയ ചെറിയ ബാഗ് വലിയ അവിടെ ഉണ്ടായിരുന്നു. തുടർന്ന്, കളക്ടറേറ്റിലേക്കുള്ള ടിക്കറ്റ് ചാർജ്ജ് ബാഗിന്റെ പുറത്തുള്ള അറയിൽ സൂക്ഷിച്ചു. കുറിച്ചി ഭാഗത്ത് എത്തിയപ്പോൾ 35 വയസുള്ള യുവതിയും 11വയസ് പ്രായം തോന്നിക്കുന്ന ഒരുകുട്ടിയും ബസിൽ കയറി. യുവതി ജീവനക്കാരിയുടെ തൊട്ടടുത്ത സീറ്റിലും കുട്ടി മറ്റോരു സീറ്റിലുമാണ് ഇരുന്നത്.
കളക്ടറേറ്റിലെത്തിയപ്പോഴാണ് ബാഗിന്റെ സിബ് തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ ബാഗ് നഷ്ടപെട്ട വിവരം അറിഞ്ഞത്. തുടർന്ന് ജീവനക്കാരി സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണ്ണം
കുടുംബ സുഹൃത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. കളക്ടറേറ്റിലെ മറ്റൊരു ജീവനക്കാരന്റെ സ്വർണ്ണമായിരുന്നു അത്. ഭിന്നശേഷി വൈകല്യമുള്ളതിനാൽ കുടുംബസുഹൃത്തിന്റെ കുട്ടി തൃശൂരിലെ വൈകല്യമുള്ളവർക്കുള്ള സ്കൂളിലാണ് പഠിക്കുന്നത്. കുടുംബസുഹൃത്ത് തനിച്ച് താമസിക്കുന്നതിനാൽ ജീവനക്കാരിയുടെ ബന്ധുവിന്റെ ലോക്കറിൽ സ്വർണ്ണം സൂക്ഷിച്ചിരിക്കുകയായിരുന്നു. കുടുബസുഹൃത്തിന്റെ ഭാര്യക്ക് ഒരുചടങ്ങിൽ പങ്കെടുക്കന്നതിന് വേണ്ടി നൽകാനാണ് സ്വർണ്ണം കൊണ്ടുവന്നത്. ജീവനക്കാരിയുടെ ഭർത്താവാണ് ആഭരണങ്ങൾ കൊടുത്തുവിട്ടത്.
പ്രത്യേകസംഘം അന്വേഷിക്കും
ആഭരണം കവർന്ന സംഭവത്തിലെ പ്രതിയെ കണ്ടെത്തുന്നതിനായി ഒരു എസ്.ഐയുടെ നേതൃത്വത്തിൽ മൂന്ന് അംഗ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സ്വകാര്യ ബസിൽ ക്യാമറ സംവിധാനം ഇല്ലാത്തതിനാൽ ഇന്നലെ കല്ലുപാലം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ബസ് സ്റ്റോപ്പുകളിലെ സി.സി ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. ഇതിന് പുറമേ കോട്ടയം കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |