ആയുർവേദ ആശുപത്രിക്ക് കെട്ടിടം നൽകുന്നതിലും എതിർപ്പ്
ആലപ്പുഴ : പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ 'ആരവം ആലപ്പുഴ 'പദ്ധതിക്ക് നഗരസഭാ ഫണ്ട് വിനിയോഗിക്കുന്നതും ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപത്രിക്ക് നഗരസഭയുടെ കെട്ടിടം വിട്ടുനൽകുന്നതും തീരുമാനിക്കാൻ കൂടിയ അടിയന്തര നഗരസഭാ കൗൺസിൽ യോഗം സി.പി.ഐ ബഹിഷ്കരിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും സ്ഥലവും തുടർച്ചയായി മറ്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കൈമാറുന്നതിലുള്ള വിയോജിപ്പാണ് കാരണം.
നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിയോജിപ്പ് അറിയിച്ച വിഷയങ്ങൾ വീണ്ടും അടിയന്തര കൗൺസിലിന് അജണ്ടയാക്കിയതാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. പാർലമെന്ററി പാർട്ടി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐയുടെ 9കൗൺസിലർമാരും യോഗത്തിനെത്താതിരുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ജെൻഡർ പാർക്കിലുൾപ്പെടെ സ്ഥല സൗകര്യമുണ്ടായിട്ടും പൈതൃകകെട്ടിടമാക്കി സംരക്ഷിക്കാൻ നഗരസഭ ബഡ്ജറ്റിൽ തുക വകയിരുത്തിയ പഴയ നഗരസഭാ കെട്ടിടം ആയുർവേദ ആശുപത്രിക്ക് വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സി.പി.ഐ നിലപാട്.
പ്രതിപക്ഷവും വിയോജിപ്പ് രേഖപ്പെടുത്തിയതോടെ രണ്ട് വിഷയങ്ങളിലും തീരുമാനം കൈക്കൊളളാനാകാതെ മാറ്റിവച്ചു. മഴയ്ക്ക് മുമ്പ് നഗരത്തിലെ കാനകളും തോടുകളും ശുചിയാക്കാൻ വാർഡുകളിൽ നിന്നുള്ള എസ്റ്റിമേറ്റ് രണ്ടുദിവസത്തിനകം തയ്യാറാക്കി നൽകാൻ കൗൺസിലിൽ ധാരണയായി.
ഫണ്ട് കണ്ടെത്തേണ്ടത് എം.എൽ.എ : യു.ഡി.എഫ്
നിയമസഭാ മണ്ഡലത്തിൽ നടത്തുന്ന പരിപാടിയ്ക്ക് ഫണ്ട് കണ്ടെത്തേണ്ടത് എം.എൽ.എയുടെ ബാദ്ധ്യതയാണെന്നും അത് നഗരസഭ വഹിക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷനേതാവ് റീഗോ രാജു കൗൺസിലിൽ അഭിപ്രായപ്പെട്ടു. 500ഓളം രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമില്ലാത്ത നഗരസഭാ കെട്ടിടം ആശുപത്രി പ്രവർത്തനത്തിന് അനുയോജ്യമല്ലെന്ന് വെളിപ്പെടുത്തിയ റീഗോ, വാടകയുൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭാ ഭരണസമിതി വെളിപ്പെടുത്താനും ആവശ്യപ്പെട്ടു.
'കെ സ്മാർട്ട് ' ഫുൾ സ്മാർട്ടായില്ല ,
നികുതി അടയ്ക്കാനാകുന്നില്ല
കെ.സ്മാർട്ട് പദ്ധതി നടപ്പിലായശേഷം പഴയകെട്ടിടങ്ങളിൽ പലതിനും നികുതി കുടിശിക ഒടുക്കാനാകാതെ ഉടമകൾ. മുമ്പ് നികുതി ഒടുക്കിയതിന്റെ സൂചനകളൊന്നും കെ സ്മാർട്ട് ആപ്ളിക്കേഷനിൽ ലഭ്യമാകാത്തതാണ് പ്രശ്നം. അവസാനം കെട്ടിട നികുതി ഒടുക്കിയ രസീത് കൈവശമുളളവർക്ക് അതിന്റെ അടിസ്ഥാനത്തിൽ കുടിശിക സഹിതം അടച്ചുപോകാം. പഴയ രസീതുകളില്ലെങ്കിൽ കെട്ടിടം സംബന്ധിച്ച പഴയരേഖകൾ തപ്പിയെടുക്കുകയോ പുതുതായി പ്ളാൻ വരച്ചെത്തിച്ച് അതിന്റെ അടിസ്ഥാനത്തിൽ നികുതി ഒടുക്കുകയോ ആണ് പോംവഴി . പ്രതിപക്ഷകൗൺസിലർ മെഹബൂബ് ഉന്നയിച്ച വിഷയത്തെ ഭരണപക്ഷത്ത് നിന്ന് ഷാനവാസും അജേഷും സ്വന്തം അനുഭവങ്ങൾ വിവരിച്ച് പിന്തുണച്ചു. മുമ്പ് ജോലിചെയ്തിരുന്ന റവന്യൂ ഇൻസ്പെക്ടർമാർ ഈടാക്കിയ കെട്ടിട നികുതി സൈറ്റിൽ അപ്ഡേറ്റ് ചെയ്യാതിരുന്നതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടിയ കൗൺസിലർമാർ റവന്യൂവിഭാഗം ജീവനക്കാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |