നായയ്ക്ക് പേവിഷബാധ
ഹരിപ്പാട്: ചെറുതന പുത്തൻതുരുത്തിൽ 12വയസുകാരി ഉൾപ്പടെ 6പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആക്രമണത്തിനുശേഷം ചത്തനിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പുന്നൂർ പറമ്പിൽ അൻസിറക്കാണ് (12) ആദ്യം നായയുടെ കടിയേറ്റത്. വീടിന് പുറത്തിറങ്ങിയ അൻസിറയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് ഓടിപ്പോയ നായ ഇന്നലെ പുലർച്ചെ ആറുമണിയോടെ ജോലിക്ക് പോകാനായിറങ്ങിയ അഞ്ചു പേരെ കൂടി കടിച്ചു. ചെറുതന കാർത്തിക ഭവനിൽ റെജിമോൻ (49), ചെറുതന കാഞ്ഞിരംതുരത്ത് ദിനേശൻ (42), പാണ്ടി ചെങ്ങടത്ത് പോച്ചയിൽ വി ജി പ്രകാശ് ( കുട്ടൻ ), പാണ്ടി ആയിരുവേലിൽ സുരേഷ്, ചെറുതന ഗോകുൽ ഭവനിൽ ഗോകുൽ (25) എന്നിവർക്കാണ് കടിയേറ്റത്. ചെറുതന പുത്തൻതുരുത്തേൽ മോഹനന്റെ ആടിനെയും വീയപുരം പുത്തൻതുരുത്തേൽ ഇബ്രാഹിംകുട്ടിയുടെ കറവപ്പശുവിനെയും കിടാവിനെയും നായ കടിച്ചു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും മറ്റു തെരുവ് നായ്ക്കളെയും ഇതേ നായ കടിച്ചതായി സംശയിക്കുന്നു. നായയുടെ കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. തോടിനു സമീപം ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ ജഡം തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |