ആലപ്പുഴ: തലവടി സ്വദേശിയായ 48 വയസുകാരൻ കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അറിയിച്ചു.
കോളറ ബാധിച്ച വ്യക്തിയുടെ മലത്തിൽ നിന്ന് രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരത്തിലൂടെയുമാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഒന്നുമുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണപ്പെടും.
മഴക്കാലം മുന്നിൽ കണ്ട് വയറിളക്കരോഗങ്ങൾക്കെതിര സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും.
ലക്ഷണങ്ങൾ
ഛർദി, വയറിളക്കം, മലം കഞ്ഞിവെള്ളം പോലെ പോകുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കോളറ ബാധിച്ചാൽ രോഗിയിൽ നിന്ന് അതിവേഗം ജലാംശം നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്യാം. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ നൽകണം. അത് വരെ ഒ.ആർ.എസ് ലായനിയോ, ഉപ്പിട്ട കഞ്ഞിവെള്ളമോ, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളമോ രോഗിക്ക് നൽകുകയും വേണം.
പ്രതിരോധ മാർഗങ്ങൾ
കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ആർ ഒ പ്ലാന്റ്, പൊതുവിതരണ പൈപ്പ്, ഫിൽട്ടർ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം, കുപ്പിവെള്ളം എന്നിവയും തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക
ഭക്ഷണം പാകം ചെയ്യുന്നതിന് ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുക
വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ആഹാരം പാകംചെയ്യുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴികു വൃത്തിയാക്കുക
വഴിയോരത്ത് ഭക്ഷണം പാകംചെയ്യുന്ന കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ശുദ്ധജലം മാത്രം ഉപയോഗിക്കുക
ശുചിമുറി ഉപയോഗിച്ചതിനുശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |