ആലപ്പഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി സുൽത്താൻ അക്ബർ അലി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നത് വ്യാജ സിം കാർഡുളെന്ന് അന്വേഷണ സംഘം കണ്ടെത്തി. എക്സൈസ് സംഘം ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇയാൾ മലേഷ്യയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് സാധൂകരിക്കുന്ന വിമാന യാത്രാ വിവരങ്ങളും രേഖകളും കണ്ടെത്തി. കഞ്ചാവ്-സ്വർണകടത്തുകൾക്ക് സുൽത്താൻ ഉപയോഗിച്ചിരുന്നത് മറ്റാളുകളുടെ രേഖകൾ കൊണ്ടെടുത്ത വ്യാജസിംകാർഡുകളാണ്. ചെന്നൈയിലെത്തിയ എക്സൈസ് സംഘം സിമ്മിനായി നൽകിയ രേഖകളുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇവർക്ക് സുൽത്താനെ അറിയില്ല. കഞ്ചാവ് കടത്തുമായി ബന്ധമില്ലെന്നും കണ്ടെത്തി. രേഖകൾ അനധികൃതമായി തരപ്പെടുത്തിയതായിരിക്കാെമന്നാണ് എക്സൈസിന്റെ നിഗമനം. 2020 മുതൽ മൂന്നിലേറെ ഫോണുകളും നിരവധി സിംകാർഡുകളും സുൽത്താൻ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം വ്യാജമായി തരപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഇയാൾക്ക് ബാങ്ക് ഇടപാടുകളുണ്ടായിരുന്നില്ല. ഇയാളുടെ സഹോദരങ്ങളുടെ പേരിലാണ് ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ ഇവർക്ക് കഞ്ചാവ് ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ടു ദിവസമായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഘം ഇന്നലെ രാത്രി ആലപ്പുഴയിൽ തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |