അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗത്തിലെത്തണമെങ്കിൽ കഠിന പ്രയത്നം തന്നെ വേണം. മൂന്നാം നിലയിലുള്ള നേത്ര വിഭാഗത്തിൽ പടി ചവിട്ടി വേണമെത്താൻ. ആ ഭാഗത്തൊന്നും ലിഫ്റ്റില്ല. അറുപത് മുതൽ അങ്ങോട്ട് പ്രായമുള്ളവർ ബന്ധുക്കളുടെ സഹായത്തോടെ വളരെ
പണിപ്പെട്ടാണ് മുകളിലെത്തുന്നത്.ശ്വാസം മുട്ടൽ ഉൾപ്പടെ പല വിധ അസുഖങ്ങൾ ഉള്ളവരാണ് പ്രായമായ നേത്രരോഗികളിൽ അധികവും. വളരെ പ്രയാസപ്പെട്ട് ഓരോ പടിയിലും നിന്നു നിന്നാണ് ഇവർ മൂന്നാം നിലയിലെ പരിശോധന മുറികളിലെത്തുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് അതിരാവിലെ തന്നെ എത്തി മണിക്കൂറുകൾ ക്യൂ നിന്ന് ഒ.പി ടിക്കറ്റെടുത്ത ശേഷം മൂന്നാം നില വരെ പടി ചവിട്ടി കയറി ചെല്ലുമ്പോഴേക്കും ഇവർ നന്നായി തളർന്നിരിക്കും.
അവിടെ എത്തിയാൽ, മരുന്ന് ഒഴിച്ച് അര മണിക്കൂറോളം കണ്ണടച്ച് ഇരിക്കേണ്ടതുണ്ട്. എന്നാൽ, നീറുന്ന കണ്ണുമായി ഇരിക്കാൻ ആവശ്യത്തിന് ഇരിപ്പിടവുമില്ല.പടികളിലും നിലത്തുമാണ് രോഗികളിൽ പലരും ഇരിക്കുന്നത്. പരിശോധന കഴിഞ്ഞാലും മരുന്നിന്റെ നീറ്റൽ പലപ്പോഴും മാറില്ല. പ്രായമായ പലരും കണ്ണ് തുറക്കാനാവാതെ കൂടെ വന്നവരുടെ കൈയും പിടിച്ച് പടികൾ ഇറങ്ങുന്നതാണ് ഏറെ കഠിനം.
നിർധനരായതുകൊണ്ട് മാത്രമാണ് ഇത്രയേറെ കഷ്ടപ്പാട് സഹിച്ച് ഇവിടെ എത്തുന്നതെന്നാണ് രോഗികൾ പറയുന്നത്. നിരവധി കെട്ടിടങ്ങൾ ഉണ്ടായിട്ടും, നേത്ര ചികിത്സാ വിഭാഗം മൂന്നാം നിലയിൽ തന്നെ ഒരുക്കിയിരിക്കുന്നത് പാവപ്പെട്ട രോഗികളോടുള്ള അവഗണനയാണെന്നും അവർ പറയുന്നു. എത്രയും വേഗം നേത്രചികിത്സാ വിഭാഗം താഴത്തേക്ക് മാറ്റുകയോ, ലിഫ്റ്റു സംവിധാനം ഒരുക്കുകയോ വേണമെന്നതാണ് ഇവരുടെ ആവശ്യം.
നേത്രചികിത്സാ വിഭാഗം മൂന്നാം നിലയിൽ ഒരുക്കിയിരിക്കുന്നത് തികച്ചും അശാസ്ത്രീയമാണ്. പ്രായമായ രോഗികൾ പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കരളലിയിക്കുന്ന കാഴ്ചയാണ്
-സാബു വെള്ളാപ്പള്ളി, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |