അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി, മെഡിസിൻ അത്യാഹിത വിഭാഗങ്ങളിൽ നിന്നുതിരിയാൻ പോലും ഇടമില്ല. പടിഞ്ഞാറേ അറ്റത്തുള്ള ഇ ബ്ലോക്കിലെ ഇടുങ്ങിയ സ്ഥലത്താണ് അത്യാഹിത വിഭാഗങ്ങൾ
പ്രവർത്തിക്കുന്നത്.അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പരിശോധിക്കാൻ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. ഇ.സി.ജി, രക്തസാമ്പിൾ ശേഖരിക്കൽ തുടങ്ങിയവയും ബുദ്ധിമുട്ടിയാണ് പ്രവർത്തിക്കുന്നത്. പത്തിൽ കൂടുതൽ രോഗികളെത്തിയാൽ കിടത്തി പരിശോധിക്കാൻ കിടക്ക പോലുമില്ല.
വളരെ ബുദ്ധിമുട്ടിയാണ് രോഗികളെ പരിശോധിക്കുന്നത്. എന്നുമാത്രമല്ല, വാഹനങ്ങളിൽ രോഗികളെ എത്തിക്കണമെങ്കിൽ ദേശീയ പാതയിൽ നിന്ന് പടിഞ്ഞാറെ അറ്റം വരെ വരികയും വേണം.
അത്യാസന്ന നിലയിലെത്തുന്ന രോഗികളെ അത്യാഹിതവിഭാഗത്തിൽ പരിശോധിച്ച ശേഷം വീണ്ടും ആംബുലൻസിൽ കയറ്റി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കൊണ്ടുവരണം.ഇത് രോഗികൾക്കും ബന്ധുക്കൾക്കും വലിയ ദുരിതമാണ് നൽകുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റണം
കോടികൾ മുടക്കി നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അത്യാഹിത വിഭാഗങ്ങൾ മാറ്റിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് രോഗികളും നാട്ടുകാരും പറയുന്നത്. ദേശീയപാതയിൽ നിന്ന് 200 മീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ളത്. രോഗികളെ എളുപ്പത്തിലെത്തിക്കാൻ ഇത് സഹായകമാകും. കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കാനും കഴിയും.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രധാനപ്പെട്ട ഏഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ അത്യാസന്ന നിലയിലുള്ള രോഗികളെപോലും പഴയ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിക്കുന്നത്. ഇത് ചികിത്സ വൈകാനും മരണത്തിനും വരെ കാരണമാകുന്നുണ്ട്
-എം.മുഹമ്മദ് കോയ, സംസ്ഥാന പ്രസിഡന്റ്, സന്നദ്ധ രക്തദാന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |