ആലപ്പുഴ: കുടുംബശ്രീ 'പ്രത്യാശ' പദ്ധതിവഴി ഉപജീവനം നേടിയത് ആയിരങ്ങൾ. 2167 പേർക്കാണ് ഇതുവരെ തുണയായത്. ഇതിൽ 56 പേർ ട്രാൻസ്‌ജെന്റേഴ്സാണ്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഗാർഹികാതിക്രമങ്ങൾക്ക് വിധേയരായവർ എന്നിവരും പദ്ധതിയുടെ ഭാഗമായി. പ്രത്യേക പരിഗണന അർഹിക്കുന്ന പാർശ്വവത്കൃത സമൂഹത്തിൽപ്പെട്ടവർക്കായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് പ്രത്യാശ. സ്വയംപര്യാപ്തത നേടിക്കൊടുക്കുകയാണ് പദ്ധതി ലക്ഷ്യം.
തയ്യൽ, ഫുഡ് പ്രോസസിംഗ്, തുണി സഞ്ചി, പേപ്പർ പേന നിർമ്മാണം, കാറ്ററിംഗ് എന്നീ വിഭാഗങ്ങളിൽ 2037 സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കുടുംബശ്രീ പിന്തുണ നൽകിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ മുഖേന 19 സംരംഭങ്ങളും സംസ്ഥാനത്ത് ആരംഭിക്കാനായി.
പ്രത്യാശ പദ്ധതി
# വെല്ലുവിളികൾ നേരിട്ടവർക്ക് ഉപജീവന മാർഗം കണ്ടെത്തുക ലക്ഷ്യം
# വ്യക്തിഗത സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി 2,50,000 രൂപയുംസഹായം നൽകും
# സംരംഭങ്ങൾ മികവിലേക്കുയരാൻ വിദഗ്ദ്ധ പരിശീലനവും സബ്‌സിഡി ഉൾപ്പെടെയുള്ള ധനസഹായവും നൽകും
ലക്ഷ്യങ്ങൾ
സാമ്പത്തികവും സാമൂഹികപരവുമായ സ്ത്രീശാക്തീകരണവും ഉന്നമനവും
പാർശ്വവൽക്കരിക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ തൊഴിൽ കണ്ടെത്തുന്നതിനും അതുവഴി ദാരിദ്ര്യ ലഘൂകരണം സാദ്ധ്യമാക്കുകയും ചെയ്യുക
നൂതനമായ തൊഴിൽ സംരംഭങ്ങൾ കണ്ടെത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുക
സഹായം ലഭിച്ചവർ: 2037
ട്രാൻസ്ജന്റേഴ്സ്: 56
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |