ആലപ്പുഴ: പുഞ്ചകൃഷി നെല്ല് സംഭരണം പൂർത്തിയാക്കി, രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കെ മാർച്ച് 31വരെ സംഭരിച്ച നെല്ലിന്റെ വില ഉടൻ കർഷകരുടെ അക്കൗണ്ടിലെത്തും. നെൽവില വിതരണത്തിന് കഴിഞ്ഞ ദിവസം സർക്കാർ 100 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന്
മാർച്ച് 31വരെ നെല്ല് കൈമാറിയ കർഷകരുടെ പി.ആർ.എസ് രസീതുകൾ ബാങ്കുകൾക്ക് കൈമാറിയിരുന്നു. ഒരാഴ്ചയ്ക്കകം കർഷകർക്ക് പണം ലഭിക്കുമെന്നാണ് അറിയുന്നത്.
എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് പുഞ്ചക്കൃഷിയുടെ പകുതിയിലധികം നെല്ലും സംഭരിക്കപ്പെട്ടത്.അടുത്ത ഗഡു പണം സർക്കാർ സപ്ളൈകോ മുഖാന്തിരം ബാങ്കുകൾക്ക് കൈമാറിയാൽ മാത്രമേ ഈ കർഷകർക്ക് പണം ലഭിക്കൂ. നൂറ് കോടിയുടെ വിതരണം പൂർത്തിയാകുമ്പോഴേയ്ക്കും അടുത്ത ഗഡു അനുവദിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെങ്കിലും രണ്ടാം കൃഷിക്കായി തയ്യാറെടുക്കുന്ന കുട്ടനാട്ടിലെ കർഷകരെ ഇത് കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഓരോ തവണത്തെ കൃഷിയിൽ നിന്ന് ലഭിക്കുന്ന ആദായമാണ് അടുത്തതവണ മുതൽമുടക്കെന്നിരിക്കെ രണ്ടാം കൃഷിക്ക് പണം കടമെടുക്കാൻപോലും കഴിയാതെ സ്ഥിതിയാണ്.
ഏപ്രിൽ,മേയ് മാസങ്ങളിലെ വിലയ്ക്ക് കാത്തിരിക്കണം
1. കൂലിച്ചെലവിലും വളത്തിന്റെയും വിത്തിന്റെയും വിലയിലുമുണ്ടായ വർദ്ധന ഈ സീസൺ മുതലാണ് കർഷകരെ ശരിക്കും ബാധിച്ചുതുടങ്ങുന്നത്. പമ്പിംഗ് ലേലം പൂർത്തിയായ പാടങ്ങളിലെല്ലാം ഉഴീൽ ഉൾപ്പെടെയുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്
2. ഒരേക്കർ നിലത്തിന് വിതവരെ പമ്പിംഗും നിലമൊരുക്കലും വരമ്പ്കുത്തും വിത്തുമെല്ലാം കൂടി പാട്ടത്തുകയ്ക്ക് പുറമേ 7000 രൂപവരെ ചെലവ് വരുമെന്നതാണ് പുതിയ കണക്ക്. നെൽ വില ലഭിക്കാത്തതിനാൽ പണം എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വലയുകയാണ് മിക്ക കർഷകരും
3. കാലാവസ്ഥാ വ്യതിയാനവും ഓരുവെള്ള ഭീഷണിയും ഉഷ്ണ തരംഗവും മില്ലുകാരുടെ വർദ്ധിച്ച കിഴിവും കാരണം കഴിഞ്ഞ സീസണിൽ കൃഷിയിറക്കിയ പല കർഷകരും ഇത്തവണ ഇതുവരെ നിലം ഒരുക്കൽപോലും തുടങ്ങിയിട്ടില്ല. ജൂണിൽ വിത തുടങ്ങേണ്ടത്
4. കൂലി ചെലവുൾപ്പെടെ വർദ്ധിച്ചിട്ടും കൃഷിയിറക്കുന്ന കുട്ടനാട്ടിൽ നെൽ വിലയോ, കൈകാര്യ ചെലവോ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതും കൃഷി നഷ്ടവുമാണ് കർഷകരെ നെൽകൃഷിയിൽ നിന്ന് അകറ്റുന്നത്
പേ ഓർഡർ ലഭിച്ചത്
കർഷകർ: 6,946
തുക: 72.72 കോടി
സംഭരണം
(ഏപ്രിൽ, മേയ്)
കർഷകർ: 5689
നെല്ലിന്റെ അളവ്......2,22,61,656 കിലോ
സംഭരണ വില: 63.04 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |