ആലപ്പുഴ: കാലവർഷം കണക്കിലെടുത്ത് തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനും സ്പിൽവേയിലെ മണ്ണ് നീക്കം ചെയ്യുന്നതിനുമുള്ള കരാർ ക്ഷണിക്കുന്നതിൽ വീഴ്ച വരുത്തിയ ആലപ്പുഴ ഇറിഗേഷൻ വിഭാഗം എൻജിനിയർക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. പൊഴിമുറിക്കുന്നതിലും മണ്ണ് നീക്കം ചെയ്യുന്നതിലുമുണ്ടായ കാലതാമസം തോട്ടപ്പള്ളി സ്പിൽവേയുടെ കരകളിലെ വീടുകളിൽ വെള്ളം കയറുന്നതിനും കൃഷി നാശത്തിനും കാരണമായിരുന്നു. കാലവർഷം പതിവിലും നേരത്തെയെത്തുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും പൊഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനും ദുരന്തം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ ഇറിഗേഷൻ വിഭാഗം പരാജയപ്പെട്ടതായ നാട്ടുകാരുടെ പരാതിയിലാണ് കളക്ടറുടെ നടപടി.
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി സ്പിൽവേയിൽ പുതുതായി നിർമ്മിക്കുന്ന പാലങ്ങളുടെ പൈൽ ക്യാപ്പുകളിലെ കോൺക്രീറ്റ് പൊട്ടിച്ചത് പുതുതായി നിർമ്മിക്കുന്ന സ്പാനുകളുടെ ഇടയിൽ കൂടികിടപ്പുണ്ട്. ഇതിന് മീതെ പൈലിംഗിനുപയോഗിക്കുന്ന കെമിക്കലും ചെളിയും വീണ് ഇവ കൂമ്പാരം കണക്കെ കിടക്കുന്നതിനാൽ ഷട്ടറുകളിൽ നിന്നുള്ള വെള്ളത്തിന്റെ അടിയൊഴുക്കിനെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. യഥാസമയം ഇത് നീക്കം ചെയ്യാൻ നിർമ്മാണ കമ്പനി തയ്യാറായിരുന്നില്ല. ഷട്ടർ തുറന്നപ്പോൾ ആറ്റിലെ ജലനിരപ്പ് ഉയരാനാണ് ഇത് കാരണമായത്. ഒഴുക്ക് കുറഞ്ഞതോടെ വെള്ളം പൊങ്ങി സ്പിൽവേയുടെ ഇരുകരകളും കവിഞ്ഞാണ് വശങ്ങളിലെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കയറിയത്. റോഡ് നിർമ്മാണത്തിനായി കരാർ കമ്പനി തോട്ടപ്പള്ളി ആറിന് കുറുകെ നിർമ്മിച്ച താൽക്കാലിക നടപ്പാലത്തിൽ പോളയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതും നീരൊഴുക്കിന് തടസമായി തുടരുകയാണ്. സ്പിൽവേയിൽ വെള്ളത്തിന്റെ വരവ് കൂടിയ സാഹചര്യത്തിൽ പാലം പണി നിർത്തി വച്ചിരിക്കുകയാണ്.
അതേസമയം, തോട്ടപ്പള്ളി സ്പിൽ വേയിൽ നിന്ന് കടലിലേക്കുള്ള ഒഴുക്ക് ശക്തമാക്കാൻ മണ്ണ് നീക്കം ശക്തമാക്കി. പതിനാറോളം ജെ.സി.ബികളുടെ സഹായത്തോടെ പൊഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണ്ണ് അപ്പപ്പോൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയെന്നതാണ് ജില്ലാ ദുരന്ത നിവവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |