കുട്ടനാട് : നിർത്താതെ കോരിച്ചൊരിയുന്ന പേമാരിയിൽ കുട്ടനാട്ടിലെ പ്രധാന റോഡുകൾക്ക് പുറമെ വലുതും ചെറുതുമായ റോഡുകളിലെല്ലാം വെള്ളക്കെട്ടു നിറയുകയും കരമാർഗമുള്ള യാത്ര ഏറെക്കുറെ നിലയ്ക്കുകയും ചെയ്തതോടെ ഒരിക്കൽ കൂടി ജലഗതാഗതവകുപ്പ് കുട്ടനാടൻ ജനതയുടെ പ്രധാന ആശ്രയമാകുന്നു.
ആലപ്പുഴയിൽ നിന്ന് കുട്ടമംഗലം,കൈനകരി വഴി നെടുമുടിയിലേക്കും അവിടെ നിന്ന് തിരിച്ചും നടത്തുന്ന സർവ്വീസുകൾക്ക് പുറമെ പുളിങ്കുന്ന് സബ് സ്റ്റേഷനിൽ നിന്നും കിടങ്ങറയിലേക്കും രാമങ്കരിയിലേക്കും കൂടാതെ കോട്ടയത്തേക്കും നടത്തിവരുന്ന ട്രിപ്പുകളാണ് വെള്ളപ്പൊക്ക കാലത്ത് കുട്ടനാടൻ ജനതയുടെ പ്രധാന ആശ്രയമായി മാറിയത്.
കാലവർഷം ശക്തിപ്പെട്ടതോടെ പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് തരിശിട്ട പാടശേഖരങ്ങളുടെയെല്ലാം ബണ്ട് കരകവിഞ്ഞ് വെള്ളം ഒഴുകുകയും വലുതും ചെറുതുമായ ഇടറോഡുകളിലെല്ലാം മുട്ടിനും മേലെ വെള്ളം നിറയുകയും ചെയ്തതോടെ കരമാർഗ്ഗമുള്ളയാത്ര വെല്ലുവിളി നിറഞ്ഞതായി മാറി. തുടർന്ന് കെ എസ് ആർ ടി സി തന്നെ ചില സർവ്വീസുകൾ നിറുത്തിവയ്ക്കുകയും ചെയ്തു.
നാട്ടിലെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷതേടി ബന്ധുമിത്രാദികളുടെ വീടുകളിലേക്ക് പോകുന്നവർക്ക് പുറമേ, അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകാൻ ചുമതലപ്പെട്ട പൊലീസ്, ഫയർഫോഴ്സ്, ഇലക്ട്രിസിറ്റി, ആശുപത്രി ജീവനക്കാർക്ക് കുട്ടനാട്ടിലെ ഉൾഭാഗങ്ങളിലുള്ള ഓഫീസുകളിൽ വെള്ളപ്പൊക്കത്തേയും മറികടന്ന് ജോലിക്ക് എത്തിച്ചേരാനും വൈകിട്ട് തിരികെ വീടുകളിലേക്ക് മടങ്ങാനും സാധിക്കുന്നതിൽ ബോട്ട് സർവ്വീസുകൾ വലിയൊരു സഹായമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |