ആലപ്പുഴ: മഴക്കെടുതിക്ക് പിന്നാലെ ജില്ലയിൽ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു.
ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 11പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 49 പേർ ചികിത്സയിലുമാണ്. ഒരാൾക്ക് എലിപ്പനി ബാധിക്കുകയും രോഗം സംശയിക്കുന്ന അഞ്ചുപേർ ചികിത്സ തേടുകയും ചെയ്തു. കാലവർഷം ശക്തമായതോടെ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കൊതുകുകൾ പെറ്റുപെരുകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
എലിപ്പനിയും വൈറൽ പനികളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ മീൻപിടുത്തക്കാരും പാടത്ത് പണിയെടുക്കുന്നവരും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
പകരാതെ കരുതണം
# ഡെങ്കിപ്പനി പരത്തുന്ന ക്യൂലക്‌സ് കൊതുകുകൾ ജലസ്രോതസുകളിലാണ് മുട്ടയിടുന്നത്. ഇവിടെയൊക്കെ കൊതുക് നിവാരണ മരുന്ന് തളിക്കണം
#എലിമൂത്രത്താൽ മലിനമായ ജലത്തിലൂടെയാണ് എലിപ്പനി പകരുന്നത്.
വെള്ളത്തിലിറങ്ങുമ്പോൾ ബൂട്ടുകൾ ധരിക്കാൻ ശ്രദ്ധിക്കണം
#പുറത്തുനിന്ന് വരുന്നവർ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ മറക്കരുത്
#കഠിനമായ ശരീരവേദനയോടും തലവേദനയോടും കൂടിയ ശക്തമായ പനി അനുഭവപ്പെട്ടാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സതേടണം
#ആഹാരം, വെള്ളം എന്നിവയിലൂടെ വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പകരാൻ സാദ്ധ്യതയുണ്ട്
#ആഹാരം ശരിയായി പാകം ചെയ്തുകഴിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ചെയ്യുക
കഴിഞ്ഞ വർഷം ജില്ലയിൽ പകർച്ച വ്യാധികളും മറ്റ് രോഗങ്ങളും നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണയും രോഗങ്ങൾ നിയന്ത്രിക്കണം. അതിന് ജനങ്ങൾ സ്വയം അവബോധം സൃഷ്ടിക്കണം
-ഡോ. എ.പി. മുഹമ്മദ്,
സംസ്ഥാന ജോയിന്റ് സെക്രട്ടറി,
ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |