ആലപ്പുഴ: മഴ മാറിനിന്ന അന്തരീക്ഷത്തിൽ കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആവേശമാക്കി. പുത്തനുടുപ്പും ബാഗുമായി സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ മധുരം നൽകിയും വാദ്യമേളങ്ങളുടെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. പല വർണ്ണങ്ങളുള്ള തൊപ്പിയും കിരീടവും നൽകി നവാഗതരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് വരവേറ്റത്.
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ ബാൻഡ് സെറ്റുകളുടെയും എൻ.സി.സി കേഡറ്റുമാരുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.
കലവൂർ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വേദിയിൽ അരങ്ങേറി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ചിട്ടപ്പെടുത്തിയതാണ് പ്രവേശനോത്സവ ഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ
ഭാഗമായി. ഗുരുഗോപിനാഥ് നടന ഗ്രാമത്തിലെ പ്രശസ്തരാണ് ദൃശ്യാവിഷ്കാരം ചിട്ടപ്പെടുത്തിയത്. നവാഗതർക്ക് മുഖ്യമന്ത്രി ബാഗുകളും പഠനോപകരണങ്ങളും സമ്മാനിച്ചു. തുടർന്ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. പുസ്തകങ്ങൾ കൊടുത്തുകൊണ്ടാണ് വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് വരവേറ്റത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലവൂർ സ്കൂളിലെ വിദ്യാർഥികളായ ഹരിശേഖർ, ഹൃദി എന്നിവർ ഒരു ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രി വിദ്യാർഥികളിൽ നിന്ന് സംഭാവന ഏറ്റുവാങ്ങി. പ്രവേനോത്സവ ഗാനത്തിന്റെ രചന നിർവ്വഹിച്ച ഭദ്രാ ഹരിയെയും ഈണമിട്ട അൽഫോൻസ് ജോസഫിനെയും മുഖ്യമന്ത്രി ആദരിച്ചു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ലഹരിവിരുദ്ധ സംഗീത നൃത്തശില്പം ജീവിതോത്സവം 2025 'തുടി' പ്രകാശനവും മന്ത്രി നിർവഹിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറ്റുമായി വിഭവസമൃദ്ധമായ ഭക്ഷണവും സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ജനപ്രതിനിധികൾ,സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെയുള്ളവർ പരിപാടിയിൽ അണിചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |