മാന്നാർ : പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ അണിഞ്ഞൊരുങ്ങുമ്പോൾ മൊഞ്ചുള്ള മൈലാഞ്ചി ചോപ്പിൽ പെരുന്നാളിനെ കളറാക്കുകയാണ് ഈ കളിക്കൂട്ടുകാർ. മാന്നാറിലെ സാമൂഹ്യ പ്രവർത്തകനും മാദ്ധ്യമ പ്രവർത്തകനുമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അൻഷാദിന്റെയും റെജിമോളുടെയും ഏക മകളായ അസ്ന അൻഷാദും കുരട്ടിക്കാട് വടക്കേവിളയിൽ നിസാം-ഷെറിന ദമ്പതികളുടെ മകൾ നൗറിൻ ഫാത്തിമയുമാണ് പെരുന്നാളിനെ വരവേൽക്കാൻ അത്ഭുതപ്പെടുത്തുന്ന മൈലാഞ്ചി ഡിസൈനുകളൊരുക്കുന്നത്.
അയൽവാസികളും കൂട്ടുകാരുമെല്ലാം പെരുന്നാളെത്തിയതോടെ ഇവരെത്തേടിയെത്തി. യൂട്യൂബിലും മറ്റും കണ്ടറിഞ്ഞ കരവിരുതുകൾ സ്വായത്തമാക്കുവാൻ അസ്നയ്ക്കും നൗറിനും ഏറെ നാൾ വേണ്ടി വന്നില്ല. നാടൻ മൈലാഞ്ചി അരച്ചും ബ്രാൻഡഡ് കമ്പനികളുടെ മൈലാഞ്ചി കോണുകൾ ഉപയോഗിച്ചും ഇവരുടേതായ ഡിസൈനുകളിൽ വിരിയുന്ന മൈലാഞ്ചി മൊഞ്ച് ഇവർക്ക് ഇന്നൊരു വരുമാന മാർഗ്ഗം കൂടിയാണ്. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മൈലാഞ്ചി രാവുകളിൽ മണവാട്ടികളെ മൊഞ്ചത്തിയാക്കാനും ഇവർ റെഡിയാണ്.
ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചുവളർന്നു വന്ന കൂട്ടുകാരിൽ അസ്ന അൻഷാദ് മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിലും നൗറിൻ ഫാത്തിമ മാന്നാർ നായർസമാജം ഗേൾസ് ഹൈസ്കൂളിലും എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ്. പഠനത്തിലും മികവ് പുലർത്തുന്ന ഇവരുടെ കലാവിരുന്നുകൾക്ക് പ്രോത്സാഹനമായി അദ്ധ്യാപകരും സഹപാഠികളും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |