16ന് സൂചനാ പണിമുടക്ക്
26മുതൽ അനിശ്ചിതകാല പണിമുടക്ക്
ആലപ്പുഴ: ശമ്പളവർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ 16ന് ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. 26മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ്, എസ്.ഡി.ടി.യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ശമ്പള വർദ്ധന ആവശ്യപ്പെട്ട് 2024 നവംബറിൽ ബസ് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു,. മൂന്ന് വർഷമായി ജില്ലയിൽ ശമ്പളവർദ്ധന നടപ്പാക്കിയിട്ടില്ല. 2022ൽ ഡ്രൈവർക്ക് 160 രൂപ, കണ്ടക്ടർക്ക് 140 രൂപ, ക്ലീനർക്ക് 120 രൂപ വീതമാണ് അവസാനമായി വർദ്ധിപ്പിച്ചത്. കഴിഞ്ഞ നവംബറിൽ ഇതേ വിഷയത്തിൽ ഒമ്പത് തവണ ചർച്ച നടത്തിയിട്ടും വേതന വർദ്ധനവ് അംഗീകരിക്കപ്പെട്ടില്ലെന്ന് സംയുക്തസമിതി പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് പല ബസുകളിലും ജീവനക്കാരുടെ എണ്ണം ചുരുക്കിയിട്ടുണ്ട്. ഇതോടെ വേതന വർദ്ധനവ് യാതൊരുതരത്തിലും ബസ് ഉടമകൾക്ക് ബാദ്ധ്യത വരുത്തുകയില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
ക്ഷേമനിധിയിൽ കള്ളക്കളിയോ?
ബസ് ജീവനക്കാരായ മൂന്ന് പേരുടെ പേരിൽ ക്ഷേമനിധി എടുത്തിരിക്കണമെന്നത് നിർബന്ധമാണ്. ഇതര ക്ഷേമനിധി ആനകൂല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോട്ടോർ ക്ഷേമനിധിക്ക് ആനൂകൂല്യങ്ങൾ കൂടുതലാണ്. വിഹിതം അടവിനനുസരിച്ച് ജില്ലയിൽ അയ്യായിരം മുതൽ 25000 രൂപ വരെ പെൻഷൻ വാങ്ങുന്നവരുണ്ടെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. പലപ്പോഴും ജീവനക്കാർക്ക് പകരം ബസ് ഉടമകളുടെ ബന്ധുക്കളുടെ പേരിൽ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യുന്ന പ്രവണതയുണ്ടെന്നും ആരോപണമുണ്ട്.
സർക്കാർ നിർദ്ദേശത്തിനനുസൃതമായി എല്ലാ ജീവനക്കാർക്കും ഒരേ വേതനം ലഭിക്കുന്നില്ല. ഒമ്പത് തവണ ചർച്ച നടത്തിയിട്ട് തീരുമാനാകാത്തതിനാലാണ് സമരരരംഗത്തേക്കിറങ്ങുന്നത്
-എം.എം. അനസ് അലി, ജനറൽ കൺവീനർ, സംയുക്തസമരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |