ആലപ്പുഴ: സൈക്കിൾ മോഷണം പോയതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച് കിടപ്പുരോഗിയായ സഹോദരന് കൂട്ടിരിക്കാൻ തീരുമാനിച്ച ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിക്ക് തുണയായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. പൂങ്കാവ് കാർട്ട് നിലത്ത് വീട്ടിൽ പരേതനായ മാർട്ടിന്റെയും ക്ലാരയുടെയും മകളും മേരി ഇമ്മാക്കുലേറ്റ് എച്ച്.എസിലെ 9-ാം ക്ളാസ് വിദ്യാർത്ഥിനിയുമായ അനോഷയ്ക്കാണ് ലിയോ തേർട്ടീന്ത് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സഹായഹസ്‌തമേകിയത്. പെയിന്റിംഗ് തൊഴിലാളിയായ മാർട്ടിൻ മരിച്ചതോടെ അമ്മ ക്ലാരയുടെ സംരക്ഷണയിലാണ് അനോഷയുടെ കുടുംബം. അനോഷ സ്കൂളിൽ പോയിവരാൻ ഉപയോഗിച്ചിരുന്ന സൈക്കിൾ ഏതാനും ദിവസം മുമ്പാണ് വീട്ടിൽ നിന്ന് മോഷണം പോയത്.
ഇതോടെ പഠനം അവസാനിപ്പിച്ച് കിടപ്പ് രോഗിയായ ഇളയ സഹോദരന് കൂട്ടിരിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ സഹായത്തിനെത്തിയത്. പുതിയ സൈക്കിൾ, ബാഗ്, കുട, പുസ്തകങ്ങൾ എന്നിവ കൈമാറിയ പൂർവ വിദ്യാർത്ഥി സംഘം സാമ്പത്തികസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടർ പഠനത്തിന് ഗ്രൂപ്പ് അംഗമായ എബി തോമസ് എല്ലാ മാസവും 2000 രൂപ വീതം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. 1990-91 കാലയളവിലെ വിദ്യാത്ഥികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സിനിമാ ഫോട്ടോഗ്രാഫർ ജഗൻ, എബി തോമസ് എന്നിവരെയും ആദരിച്ചു. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാശിശുക്ഷേമ സമിതി ജോ.സെക്രട്ടറി കെ.നാസർ, ഗ്രേസ് ബ്രിട്ടോ, ജഗൻ പാപ്പച്ചൻ, എബി തോമസ് എന്നിവർ സംസാരിച്ചു. ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനമാണ് ലിയോ തേർട്ടീന്തിലെ പൂർവ്വ വിദ്യാത്ഥികൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |