ആലപ്പുഴ : നഗരസഭയിൽ കെ.സ്മാർട്ട് സംവിധാനത്തിലുള്ള 8000ത്തോളം ഫയലുകൾ മാസങ്ങളായി നടപടികൾ പൂർത്തിയാക്കാതെ കെട്ടികിടക്കുന്നതായി നഗരസഭാ ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗം കണ്ടെത്തി. എൻജിനീയറിംഗ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാത്തത്. കെ.സ്മാർട്ടിൽ തുടക്കത്തിലുണ്ടായ സാങ്കേതികപ്രശ്നങ്ങളുടെ പേരിൽ പിന്നീടെത്തിയ ഫയലുകളിലും ഉദ്യോഗസ്ഥതലത്തിൽ വരുത്തിയ കാലതാമസമാണ് ഫയലുകൾ കെട്ടിക്കിടക്കാൻ സാഹചര്യമൊരുക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
റവന്യൂ, ഹെൽത്ത്, ജനറൽ എന്നീ വിഭാഗങ്ങളിൽ നൂറ് കണക്കിന് ഫയലുകൾ തീരുമാനമാകാതെ കിടക്കുന്നുണ്ട്. ഫയലുകളിലെ അനാവശ്യ കാലതാമസം സംബന്ധിച്ച് വിജിലൻസ് വിഭാഗം വിശദപരിശോധന ആരംഭിച്ചു.
പലതവണ നഗരസഭയിലെ ഫയൽനീക്കത്തിലെ കാലതാമസം കൗൺസിലിൽ ഉൾപ്പെടെ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാത്ത നിലയിലായിരുന്നു ഒരു വിഭാഗം ഉദ്യോഗസ്ഥർ. നഗരസഭ ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗത്തിന്റെ നോട്ടപ്പുള്ളികളാകുകയും നഗരസഭ ഭരണസമിതി പ്രശ്നത്തിൽ ഇടപെടുകയും ചെയ്തതോടെ ഇനിയെങ്കിലും ഫയൽനീക്കത്തിൽ സത്വരനീക്കമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
അടിയന്തരയോഗം ഇന്ന്
സാങ്കേതികമായ ചില പ്രശ്നങ്ങളുള്ളതും മതിയായ രേഖകൾ ലഭ്യമല്ലാത്തതുമൊഴികെയുള്ള ഫയലുകളിലുണ്ടാക്കിയ കാലതാമസത്തിന് ബന്ധപ്പെട്ട സെക്ഷനുകളുടെ ചുമതലക്കാരിൽ നിന്ന് വിശദീകരണം തേടാനും ആവശ്യമെങ്കിൽ കർശന നടപടികളിലേക്ക് നീങ്ങാനുമാണ് നഗരസഭാ ഡയറക്ടറേറ്റിന്റെ നീക്കം ഇതിന് മുന്നോടിയായി നഗരസഭയ്ക്ക് ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് ചെയർപേഴ്സൺ ജീവനക്കാരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. എൻജിനീയറിംഗ്, റവന്യൂ, ഹെൽത്ത്, ജനറൽ തുടങ്ങി പ്രധാനവിഭാഗങ്ങളുടെ ചുമതലക്കാരായ 13 ഉദ്യോഗസ്ഥരോട് തങ്ങളുടെ ലോഗിനിലുള്ള ഫയലുകളുടെ വിശദാംശങ്ങൾ സഹിതം പങ്കെടുക്കാനാണ് നിർദേശം. ചുമതലക്കാരായ ഒരാൾക്കും ഇന്ന് അവധി അനുവദിക്കില്ലെന്ന അറിയിപ്പും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |