കൊച്ചി : ട്രെയിനുകളുടെ എണ്ണക്കുറവും വന്ദേഭാരതിനു വേണ്ടിയുള്ള മറ്റ് ട്രെയിനുകളുടെ സമയമാറ്റവും തീരദേശ പാതയിൽ എറണാകുളം - ആലപ്പുഴ റൂട്ടിലെ യാത്രക്കാരെ വലയ്ക്കുന്നു. പാസഞ്ചർ ട്രെയിനുകൾ പലേടത്തും പിടിച്ചിടുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സമയത്ത് സ്റ്റേഷനുകളിലെത്താൻ കഴിയാതിരിക്കുന്നതോടെ ബസ് സർവീസുകൾ അവസാനിക്കുകയും വീടുകളിലെത്താൻ ഓട്ടോറിക്ഷയെയും മറ്റും ആശ്രയിക്കേണ്ടി വരികയും ചെയ്യും. തുച്ഛമായ തുകയ്ക്ക് ജോലിചെയ്യുന്നവർക്ക് ഈ അധികഭാരം താങ്ങാനാകില്ല.
എറണാകുളത്തു നിന്ന് ആലപ്പുഴയ്ക്ക് വൈകിട്ടുള്ള ആദ്യ ട്രെയിൻ നാലുമണിക്കുള്ള എറണാകുളം-ആലപ്പുഴ പാസഞ്ചറാണ്. ഇത് 5.30ന് ആലപ്പുഴയിൽ എത്തും. എം.ജി.ആർ ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിനായി ഈ ട്രെയിൻ പത്തുമിനിറ്റോളം കുമ്പളത്ത് പിടിച്ചിടും. 5.30ന് മുമ്പ് ഈ ട്രെയിൻ ആലപ്പുഴയിൽ എത്തിയില്ലെങ്കിൽ 5.35ന് പുറപ്പെടുന്ന ആലപ്പുഴ-കൊല്ലം മെമു കിട്ടാതെവരും.
എറണാകുളം- ആലപ്പുഴ പാസഞ്ചർ നാലുമണിക്ക് പോകുന്നതിനാൽ കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഇതിൽ യാത്രസാദ്ധ്യമല്ല. പിന്നീടുള്ളത് 4.20ന് എറണാകുളത്തെത്തുന്ന ഏറനാട് എക്‌സ്പ്രസാണ്. ഈ ട്രെയിനിന് കുമ്പളം,വയലാർ, തിരുവിഴ, മാരാരിക്കുളം,കലവൂർ, തുമ്പോളി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തിതിനാൽ ഭൂരിഭാഗം പേർക്കും ആശ്രയിക്കാനാവില്ല. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ കൂടുതൽ പേരും ഇപ്പോൾ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. റോഡ് മാർഗം എറണാകുളത്ത് നിന്ന് തുറവൂർ വരെ എത്തണമെങ്കിൽ മണിക്കൂറുകൾ വേണ്ടിവരും.
തിങ്ങിനിറഞ്ഞ ബോഗികളിൽ കുഴഞ്ഞ് വീണ് യാത്രക്കാർ
4.20നുള്ള ഏറനാട് കഴിഞ്ഞാൽ പിന്നെയുള്ളത് 5.25ന്റെ ജനശതാബ്ദിയാണ്. ഇതിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതിനാൽ പിന്നെയുള്ള ആശ്രയം 6.25ന് പുറപ്പെടുന്ന എറണാകുളം കായംകുളം പാസഞ്ചറാണ്
മുമ്പ് വൈകിട്ട് ആറിന് പുറപ്പെട്ടിരുന്ന ട്രെയിൻ 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിട്ടിരുന്നത്. പിന്നീട് യാത്രക്കാർക്ക് സഹായകമാകുമെന്ന വാഗ്ദാനത്തോടെ ട്രെയിനിന്റെ സമയം 6.25ന് ആക്കി
വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതിൽ ദിവസവും യാത്രചെയ്യുന്നത്. സമയം മാറ്റിയെങ്കിലും വന്ദേഭാരത് കടന്നുപോകുന്നതിനായി 40 മിനിറ്റോളം കുമ്പളത്തും തുറവൂരുമായി ട്രെയിൻ പിടിച്ചിടും
ഇത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. മുമ്പ് 8.20ന് കായംകുളത്ത് എത്തിയിരുന്ന ട്രെയിൻ ഇപ്പോൾ രാത്രി 9.30നാണെത്തുന്നത്. തിങ്ങിനിറഞ്ഞ് ശ്വാസം കിട്ടാതെ യാത്രക്കാർ ട്രെയിനിൽ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാണ്
തീരദേശ റെയിൽപ്പാതയിൽ വർഷങ്ങളായിട്ടുള്ള ദുരിതം ഇതുവരെ പരിഹരിച്ചിട്ടില്ല. ട്രെയിനിന്റെ റേക്കുകൾ വർദ്ധിപ്പിക്കുമെന്നറയിച്ചെങ്കിലും വാഗ്ദാനങ്ങളായി തുടരുകയാണ്. ജനങ്ങളുടെ യാത്രാപ്രതിസന്ധിക്ക് അധികാരികൾ പരിഹാരം കാണണം
- ജെ. ലിയോൺസ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |