ആലപ്പുഴ : തിരുവനന്തപുരത്തുനിന്ന് കാണാതായി മുംബയിൽ കണ്ടെത്തിയ കീബോർഡ് ആർട്ടിസ്‌റ്റ് രഞ്‌ജു ജോണു (37)മായി അന്വേഷണസംഘം ഞായറാഴ്‌ച നാട്ടിലേക്ക് മടങ്ങും. ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷകസംഘമാണ് വ്യാഴാഴ്‌ച വൈകിട്ട് രഞ്‌ജുവിനെ മുംബയിൽ കണ്ടെത്തിയത്.
തിരോധാനത്തിൽ മറ്റാർക്കും പങ്കുള്ളതായി അറിവില്ലെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നാട്ടിലെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ ചോദിക്കുകയും കോടതിയിൽ ഹാജറാക്കുകയും ചെയ്യും. കഴിഞ്ഞ നാലിനാണ് തിരുവനന്തപുരത്തുനിന്ന് രഞ്‌ജുവിനെ കാണാതായത്. ആറ് മാസമായി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബം താമസിച്ചിരുന്ന വാടകവീട്ടിൽ ഇയാൾ എത്തിയിരുന്നില്ല. ആലപ്പുഴയിലെ പരിപാടിക്കുശേഷം സുഹൃത്തിനൊപ്പമെത്തി കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിൽനിന്ന് വീട്ടിലേക്ക് തിരിച്ച രഞ്ജു തിരുവനന്തപുരത്ത് എത്തിയശേഷം ഭാര്യയും സുഹൃത്തുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ എത്തിയില്ല. ഫോണും ഓഫാക്കിയിരുന്നു. ഏഴിന് നെയ്യാറ്റിൻകര പൊലീസിൽ കുടുംബം പരാതി നൽകി. അവസാനമായി കണ്ടത് ആലപ്പുഴയിലായതിനാൽ കേസ് ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |