ആലപ്പുഴ: കാലവർഷം വീണ്ടും ശക്തമായതോടെ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളുൾപ്പെടെ വെള്ളപ്പൊക്ക ഭീതിയിൽ. കഴിഞ്ഞ ആഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്ന കുട്ടനാട്ടിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഇടതടവില്ലാത്ത പെയ്ത മഴ ജലനിരപ്പ് ഉയർത്തി. കുട്ടനാട്ടിലെ 14 വില്ലേജുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. റോഡുകളും പാടങ്ങളുടെ ബണ്ടുകളും വെളളത്തിൽ മുങ്ങുകയും ആറുകളിൽ ജലവിതാനം ഉയരുകയും ചെയ്തതോടെ സ്കൂളുകളും പരിസരവും വീണ്ടും വെള്ളത്തിലായി. നെടുമുടി പഞ്ചായത്തിലെ നടുഭാഗം ഗവ. എൽ.പി.എസിൽ വരാന്തയിൽ വരെ വെള്ളം കയറി. ജില്ലാ കളക്ടറുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും മോട്ടോറുപയോഗിച്ച് വെള്ളം വറ്റിക്കാനോ സ്കൂൾ വളപ്പിലെ അപകടാവസ്ഥ ഒഴിവാക്കാനോ നടപടിയുണ്ടായിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള സ്കൂളിൽ 56 കുട്ടികളാണ് പഠിക്കുന്നത്. ക്ളാസ് മുറികൾ, ടോയ്ലറ്റ്, പാചകപ്പുര തുടങ്ങിയിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. വറ്റിച്ച പാടങ്ങൾ വീണ്ടും വെള്ളപ്പൊക്കത്തിലകപ്പെട്ടതോടെ വിത നടത്താനാകാത്ത സ്ഥിതിയാണ്. തോട്ടപ്പള്ളി സ്പിൽ വേയിലൂടെയുള്ള നീരൊഴുക്ക് തടസമില്ലാതെ തുടരുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
ദേശീയ പാതയോരങ്ങൾ വെള്ളക്കെട്ടായി
രണ്ട് ദിവസമായി തുടരുന്ന മഴ ദേശീയ പാത നിർമ്മാണത്തെ ബാധിച്ചു. ദേശീയപാതയുടെ വശങ്ങളും സമീപത്തെ വീടുകളും സ്ഥാപനങ്ങളും വെള്ളക്കെട്ടിലകപ്പെട്ടത് പല സ്ഥലങ്ങളിലും പ്രതിഷേധത്തിനും പൊലീസ് ഇടപെടീലിനും കാരണമായി. ഹരിപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് സമീപം ദേശീയപാതയ്ക്ക് കിഴക്കുഭാഗത്തുള്ള ചില പ്രദേശങ്ങൾ ദേശീയ പാതയ്ക്കടിയിലൂടെയുള്ള ഓട അടഞ്ഞതിനാൽ വെള്ളക്കെട്ടിലകപ്പെട്ടത് റവന്യൂ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലെ തുടർന്ന് പരിഹരിച്ചു. ദേശീയ പാതയ്ക്കടിയിലൂടെ കൂറ്റൻ പൈപ്പുകൾ കടത്തിവിട്ട് വെള്ളമൊഴുക്കി വിടാനുള്ള ജോലികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും. കരുവാറ്ര പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് വെള്ളപ്പൊക്ക ഭീതിയിലായ നാല് കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക് ഓഫീസിൽ നിന്ന് അറിയിച്ചു.
ദേശീയപാത ഉയർന്നതോടെ റോഡിന്റെ വശങ്ങളിൽ നിരവധി വീടുകലിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.പുറക്കാടിനും തോട്ടപ്പള്ളിക്കും ഇടയിലും ഹരിപ്പാട്, കായംകുളം ഭാഗങ്ങളിലും റോഡിന്റെ വശങ്ങളിലെ വീടുകളും പരിസരവും വെളളക്കെട്ടിലാണ്. റോഡരികിലെ വെള്ളക്കെട്ടുകൾ ഓട കീറിയും മോട്ടോറുപയോഗിച്ച് വറ്റിച്ചും സുരക്ഷിതമാക്കാൻ ദേശീയ പാത അതോറിട്ടിയും നടപടികൾ സ്വീകരിച്ചുവരികയാണ്. ദേശീയ പാതയിലെ വെളിച്ചക്കുറവും മഴയും കണക്കിലെടുത്ത് രാത്രിയിൽ അപായ സൂചനകൾ നൽകുന്ന സിഗ്നൽ ലൈറ്റുകളും ബ്ളിങ്കറുകളും ഡീവിയേഷൻ ആരോ ബോർഡുകളും സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |