ആലപ്പുഴ: സി.പി.ഐ ആലപ്പുഴ മണ്ഡലം സമ്മേളനം നടപടികൾ പൂർത്തിയാക്കാനാകാതെ അലസിപ്പിരിഞ്ഞത് അന്വേഷിക്കാൻ മൂന്നംഗകമ്മിഷനെ നിയോഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.പി ജിസ്മോൻ, ജില്ലാ എക്സി ക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.ജി സന്തോഷ്, കെ.കാർത്തികേയൻ എന്നിവരാണ് അംഗങ്ങൾ.
മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും സമ്മേളന പ്രതിനിധികൾ അംഗീകരിക്കാതിരുന്നതും എ.ഐ.വൈ.എഫ് മണ്‌ഡലം സെക്രട്ടറിയെ പാർട്ടി മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതുമാണ് മത്സരത്തിനും പിന്നീഴ് സമ്മേളനം അലങ്കോലമാകാനും ഇടയാക്കിയത്. ജില്ലാ എക്സിക്യുട്ടീവാണ് കമ്മിഷനെ നിയോഗിച്ചത്.
ഭരണിക്കാവിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കമകാൻ ഇനി മൂന്നുദിവസം മാത്രം ശേഷിക്കെ ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള ജില്ലാ സമ്മേളന പ്രതിനിധികളെ നിശ്ചയിക്കലുൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ പൂർത്തിയാക്കാനുമുണ്ട്. 27 മുതൽ 29വരെയാണ് ജില്ലാ സമ്മേളനം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവിലെ തീരുമാനങ്ങൾക്ക് വിധേയമായി ഇതിൽ പരിഹാരം കാണാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ജില്ലാ സമ്മേളനത്തിന് തൊട്ടുമുന്നോടിയായി പൂർത്തീകരിക്കേണ്ട ആലപ്പുഴ മണ്ഡലം സമ്മേളനത്തിൽ നേതൃത്വത്തെ അംഗീകരിക്കാൻ പ്രതിനിധികൾ തയ്യാറാകാതിരുന്നത് പാർട്ടി ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിന് ശേഷം ഉചിതമായ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. എന്നാൽ ജനാധിപത്യപാർട്ടിയിൽ 25 അംഗ മണ്ഡലം കമ്മിറ്റിയിലേക്ക് രണ്ടുപേർ മത്സരത്തിന് തയ്യാറായത് വിഭാഗീയതയാണെന്ന നിലയിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പാർട്ടി പ്രവർത്തകർചൂണ്ടിക്കാട്ടുന്നു.
മുമ്പും നേതൃത്വത്തിനെതിരെ മത്സരമുണ്ടായിട്ടുണ്ടെന്നും സമ്മേളന പ്രതിനിധികളുടെ അഭിപ്രായങ്ങൾ പ്രസീഡിയം പരിഗണിക്കാതിരുന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നുമുള്ള വിമർശനവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |