ആലപ്പുഴ : ജില്ലയിൽ ആട് വളർത്തൽ ക്രമാതീതമായി കുറയുന്നു. മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് നടത്തിയ 21-ാം ലൈവ്‌സ്റ്റോക് സെൻസസിലാണ് കണ്ടെത്തൽ. ജില്ലയിൽ 48.84 ശതമാനത്തിന്റെ കുറവാണ് കണക്കുകൾ പറയുന്നത്. 2019ൽ 55109 ആടുകളാണ് ജില്ലയിൽ ഉണ്ടായിരുന്നതെങ്കിൽ 2024 എത്തിയപ്പോൾ 26917 ആയി കുറഞ്ഞു. അഞ്ചുവർഷത്തിനിടെ 28,192 ആടുകളാണ് കുറഞ്ഞത്. എല്ലാ ജില്ലകളിലും ആടുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഏറ്റവും മുന്നിലാണ് ആലപ്പുഴ. കൊല്ലം, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലും ആടുവളർത്തൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആടുവളർത്തൽ പാരമ്പര്യമായി തുടർന്ന് കൊണ്ടുപോകുന്നതിലെ വിമുഖതയും വരുമാനക്കുറവുമാണ് കർഷകരെ പിന്നോട്ടടിക്കുന്നത്. ആട് വളർത്തൽ വിട്ട് കൂട്ടത്തോടെ കർഷകർ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞതും തിരിച്ചടിയായി.
സ്ഥലമില്ല, ലാഭവുമില്ല
1. ആടുവളർത്തൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥലപരിമിതിയാണ്. കെട്ടിടങ്ങൾ ധാരാളമായതും സ്ഥലങ്ങൾ കെട്ടിയടച്ചതും കാരണം ഒഴിഞ്ഞ പുരയിടങ്ങൾ ഇല്ലാതായി.ആടിനെ കൂടുതലായും വളർത്തുന്നത് മാംസത്തിനായാണ്.ആട്ടിറച്ചിക്ക് വിലയുണ്ടെങ്കിലും ആടിനെ വിൽക്കുമ്പോൾ കർഷകർക്ക് കാര്യമായ ലാഭം കിട്ടാറില്ല
2. പ്ലാവില, പച്ചപുല്ല് എന്നിവയാണ് ആടിന്റെ പ്രധാന ആഹാരം. പഴയതുപോലെ പ്ലാവില കിട്ടാനില്ല. പ്ലാവില വെട്ടിയിറക്കുന്നതിനുള്ള കൂലി, ഇത് എത്തിക്കാനുള്ള ചെലവ് എന്നിവയെല്ലാം വച്ചുനോക്കുമ്പോൾ ആടുവളർത്തൽ പലപ്പോഴും കൈനഷ്ടത്തിലാവും കലാശിക്കാറ്
3.വീടുകളിൽ സ്ത്രീകളാണ് പ്രധാനമായും ആടുകളെ വളർത്തിയിരുന്നത്. ഇവരെല്ലാം തൊഴിലുറപ്പ് ഉൾപ്പടെയുള്ള മറ്റ് ജോലികൾ പോകുന്നതിനാൽ ആടുവളർത്തൽ ഉപേക്ഷിച്ചു.
ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്
ആട് വളർത്തൽ
ജില്ലയിൽ
2019: 55109
2024: 26917
സംസ്ഥാനത്ത്
2019: 1359161
2024: 799027
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |