ആലപ്പുഴ: വെളിച്ചെണ്ണ വില സർവ്വകാല റെക്കാഡിലേക്ക് ഉയരുമ്പോൾ സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുകയാണ് കുടുംബങ്ങൾ. മുന്നൂറ് രൂപയിൽ താഴെയായിരുന്ന വെളിച്ചെണ്ണ വില ഇന്നലെ 450 രൂപയിലെത്തി. ഇതോടെ വൈകാതെ വില അഞ്ഞൂറ് കടക്കുമെന്ന് ഉറപ്പായി. നിത്യജീവിതത്തിൽ വെളിച്ചെണ്ണയുടെ ഉപയോഗം കൂടുതലായിട്ടുള്ള മലയാളികൾക്ക് ഈ വിലവർദ്ധന അപ്രതീക്ഷിത അടിയാണ്. സൺഫ്ലവർ ഓയിലും, പാമോയിലും പോലുള്ളവ താരതമ്യേന വിലക്കുറവിൽ വിപണിയിൽ ലഭ്യമാണെങ്കിലും മലയാളിയുടെ കറി രുചിക്ക് വെളിച്ചെണ്ണ നിർബന്ധമാണ്. എന്നാൽ വിലക്കയറ്റം രൂക്ഷമായതോടെ സാധാരണക്കാരായ കുടുംബങ്ങൾ പലരും വെളിച്ചെണ്ണ ഉപേക്ഷിച്ച് ഇതര എണ്ണകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ചിങ്ങം പിറക്കുന്നതോടെ വിവാഹ സീസണും ആരംഭിക്കും. വില ഈ നിലയ്ക്ക് ഉയരുകാണെങ്കിൽ വിവാഹ പാർട്ടികൾക്കും തിരിച്ചടിയാകും. എട്ട് മാസത്തിനിടെ രണ്ടിരട്ടിയാണ് വെളിച്ചെണ്ണ വില ഉയർന്നത്. അവസരം മുതലാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണി കീഴടക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം വെളിച്ചെണ്ണ ലിറ്ററിന് 350 രൂപയ്ക്ക് ലഭിക്കും.
വിലക്കയറ്റത്തിന് കാരണം
#തേങ്ങയുടെ ഉത്പാദനം കുറഞ്ഞു
#തേങ്ങയ്ക്കും കൊപ്രയ്ക്കും വില കൂടി
#തമിഴ്നാട്ടിലെ നാളികേര ക്ഷാമം
വെളിച്ചെണ്ണവില(ലിറ്ററിന്)
450 - 470
തേങ്ങയും കട്ട്
നാളുകളായി ഉയർന്നു നിൽക്കുന്ന വില കാരണം പലരും വിഭവങ്ങളിൽ നിന്ന് തേങ്ങ ഒഴിവാക്കിയാണ് ബഡ്ജറ്റ് തകരാതെ നോക്കുന്നത്. കിലോയ്ക്ക് 70 മുതൽ 80 വരെയാണ് തേങ്ങയുടെ മൊത്ത വില. ചില്ലറ വിൽപ്പനയിൽ വില ഇതിലും കൂടുതലാണ്. കുടുംബങ്ങളെ മാത്രമല്ല ഭക്ഷണശാലകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനെയുെ തേങ്ങ, വെളിച്ചെണ്ണ വിലക്കറ്റം സാരമായി ബാധിക്കുന്നുണ്ട്.
വില പോയ പോക്കേ...
(മൊത്ത വില ലിറ്ററിന്)
ഒക്ടോബർ : 230
മേയ് : 300
ജൂൺ ആദ്യം: 419
അവസാനം: 450
സൺഫ്ലവർ: 165 രൂപ
പാമോയിൽ: 130 രൂപ
വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് പാചകം ചെയ്യുന്ന ശീലം മാറ്റി.
അല്ലാതെ പിടിച്ചുനിൽക്കാനാവില്ല
- ഷൈലജ, വീട്ടമ്മ
സൺഫ്ലവർ ഓയിലിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഓണത്തോടടുക്കുമ്പോൾ വില ഇനിയും വർദ്ധിക്കുമെന്ന ആശങ്കയുണ്ട്
- മനോജ് , വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |