ആലപ്പുഴ: ''ബുധനാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകാൻ തയാറെടുക്കവേയാണ് കുടിയാംശേരി വീട്ടിൽ നിന്ന് അലമുറ കേട്ടത്. ഫ്രാൻസിസിന്റെ ശബ്ദം പോലെ തോന്നി. വീട്ടിലെ പ്രായമുള്ള ആരെങ്കിലും മരിച്ചതാവുമെന്നാണ് കരുതിയത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് എയ്ഞ്ചലാണ് മരിച്ചതെന്ന് മനസ്സിലായത്. എങ്ങനെയോ മരിച്ചുവെന്ന് പറഞ്ഞാണ് സിന്ധു കരഞ്ഞത്. അവർ നാട്ടുകാരെ മുഴുവൻ മണ്ടൻമാരാക്കുകയായിരുന്നു'' പ്രദേശവാസികൾ രോഷത്തോടെയും സങ്കടത്തോടെയും പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാംവാർഡ് കുടിയാംശ്ശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനെ (28) പിതാവ് ഫ്രാൻസിസ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ സഹായിച്ച മാതാവ് സിന്ധുവെന്ന ജെസിയും വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ച ജെസിയുടെ സഹോദരൻ അലോഷ്യസും ഫ്രാൻസിസിനൊപ്പം അറസ്റ്റിലായിരുന്നു.
എല്ലാവരും സ്നേഹത്തോടെയും ഐക്യത്തോടെയും കഴിഞ്ഞു വന്നിരുന്ന നിലയിലാണ് ഫ്രാൻസിസിന്റെ കുടുംബത്തെ നാട്ടുകാർ കണ്ടിരുന്നത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് അച്ഛനും അമ്മയും ചേർന്ന് മകളെ കൊലപ്പെടുത്തിയെന്ന വാർത്ത നാട് കേട്ടത്. മകൾ എയ്ഞ്ചലിനെ കഴുത്തിൽ തോർത്തുമുറുക്കി കൊന്നതായി ബുധനാഴ്ച ഫ്രാൻസിസ് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ രാത്രിയോടെ മണ്ണഞ്ചേരി പൊലീസെത്തി ഓമനപ്പുഴ പതിനഞ്ചാം വാർഡിലെ കുടിയാംശേരി വീട് പൂട്ടിയിരുന്നു.
സ്റ്റേഷനിൽ വിളിച്ചുവരുത്തി, അറസ്റ്റ് രേഖപ്പെടുത്തി
ഇന്നലെ രാവിലെയാണ് അമ്മ ജെസിയെയും, അമ്മാവൻ അലോഷ്യസിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ആരോഗ്യവതിയായ എയ്ഞ്ചലിനെ ഫ്രാൻസിസിന് ഒറ്റയ്ക്ക് കൊലപ്പെടുത്താവില്ലെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. സ്വാഭാവികമായും ഒരാളുടെ കഴുത്തിൽ ഞെരുക്കുമ്പോൾ പ്രതിരോധമുണ്ടാകും. നഖത്തിന്റെ പോറലെങ്കിലും ഇരയുടെയോ പ്രതിയുടെയോ ശരീരത്തിലേൽക്കും. എന്നാൽ ഇത്തരം അടയാളങ്ങളൊന്നുമില്ലാതിരുന്നതാണ് അമ്മ ജെസിയുടെ സഹായം കൊലപാതകത്തിന് ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലേക്ക് എത്തിച്ചതെന്ന് മണ്ണഞ്ചേരി സി.ഐ ടോൾസൺ പി.ജോസഫ് പറഞ്ഞു
ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്ത് ഞെരിച്ച വേളയിൽ സിന്ധു മകളുടെ ഇരുകൈകളും ചേർത്തു മുറുകെപ്പിടിച്ച് കൊലയ്ക്ക് സഹായിച്ചു. വഴക്കിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ പെട്ടെന്ന് സംഭവിച്ച കൊലപാതകമാണെങ്കിലും, മകൾ മരിച്ചിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്ന് അച്ഛനും അമ്മയും മൊഴി നൽകി. അമിതദേഷ്യം പ്രകടിപ്പിക്കുന്ന എയ്ഞ്ചൽ സ്വന്തം വീട്ടിലും ഭർതൃവീട്ടിലും സ്ഥിരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
പതിവായി രാത്രി വൈകിവരുന്നതാണ് മകളെ കൊലപ്പെടുത്താൻ കാരണമെന്ന് ഫ്രാൻസിസ് ഇന്നലെ തെളിവെടുപ്പിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജെസിയുടെ സഹോദരൻ അലോഷ്യസ് സേവ്യറിനെ കുടുംബം ചൊവ്വാഴ്ച്ച രാത്രി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി മകളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചിരുന്നു. മരണം ഹൃദയാഘാതമായി ചിത്രീകരിക്കാനാണ് അലോഷ്യസും ശ്രമിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിന് മുകളിൽ നിന്നാണ് കഴുത്തിൽ മുറുക്കാനുപയോഗിച്ച തോർത്ത് പൊലീസ് കണ്ടെടുത്തത്. ഇന്നലെ രാവിലെ 11.30ഓടെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ച മൃതദേഹത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു. മുത്തച്ഛൻ സേവ്യർ, മുത്തശ്ശി സൂസമ്മ, അനുജത്തി ബ്ലെയ്സി അടക്കമുള്ള ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊതുദർശനത്തിനെത്തിയ വേളയിലാണ് നാട്ടുകാരിൽ പലരും അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിലാണെന്ന വിവരമറിഞ്ഞത്. ഉച്ചയ്ക്ക് 12ന് ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളിയിൽ മൃതദേഹം സംസ്ക്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |