ആലപ്പുഴ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണതറിഞ്ഞപ്പോൾ നെഞ്ചിടിപ്പ് കൂടിയത് ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കാണ്. ഹരിതആശുപത്രി പട്ടമെല്ലാമുണ്ടെങ്കിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയാണ് ആശുപത്രിയുടെ കെട്ടിടം. അത്യാഹിതവിഭാഗമടക്കം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലേക്ക് എത്തിയാൽ ഇത് മനസിലാകും.
മുമ്പ് ചോർന്നൊലിച്ചിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. മുകൾഭാഗം ഈർപ്പം തങ്ങിയും കോൺക്രീറ്റ് ഇളകിയുമുള്ള നിലയിലാണ്. ഈ കോൺക്രീറ്റ് പാളികൾ എപ്പോൾ വേണമെങ്കിലും ഇളകി വീഴാം. ഈ ഭാഗത്ത് തന്നെ വാർഡുകളും വിവിധ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. എക്സ് റേ വിഭാഗത്തിലേക്ക് പോകുന്ന ഭാഗത്തും അവസ്ഥയ്ക്ക് മാറ്റമില്ല. പനിരോഗികൾ എത്തുന്ന ഒ.പി വിഭാഗം കെട്ടിടത്തിൽ മേൾക്കൂരയിൽ സീലിംഗ് ചെയ്തിട്ടുണ്ടെങ്കിലും ഇതും ഇളകി കിടക്കുന്നു. ഭിത്തി പുല്ല് പടർന്ന് നിലയിലും. കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞു. സുരക്ഷിതത്വമില്ലാത്ത കെട്ടിടത്തിലാണ് നൂറുകണക്കിനുപേർ ചികിത്സയ്ക്കെത്തുന്നത്. സൂപ്രണ്ടിന്റെയടക്കം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തോട് ചേർന്നുള്ള ചെറിയ കെട്ടിടവും ജീർണിച്ച അവസ്ഥയിലാണ്.
അറ്റകുറ്റപ്പണി ഇന്ന് തുടങ്ങുമെന്ന് സൂപ്രണ്ട്
കെട്ടിടത്തിന് മുകളിലെല്ലാം ട്രസ് റൂഫ് ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം തുരുമ്പടിച്ച നിലയിലാണ്
ട്രസ് റൂഫിന്റെ കമ്പികൾ ഒടിഞ്ഞുതൂങ്ങിയിട്ടുമുണ്ട്. ശക്തമായ കാറ്റടിച്ചാൽ ഇവയെല്ലാം താഴേയ്ക്കെത്തും
ഡി.എം.ഒ ഓഫീസിന് സമീപത്തുള്ള കെട്ടിടങ്ങളുടെ ഭാഗത്തും സമാന അവസ്ഥയാണ്
കാടുകയറിയ പരിസരം വൃത്തിയാക്കാനുള്ള മാർഗങ്ങൾ പോലും സ്വീകരിക്കുന്നില്ല
പലഭാഗത്തും ജനാലകളും തകർന്നിട്ടിട്ടുണ്ട്. സുരക്ഷയില്ലാതെ വേണം ജീവനക്കാർ ഇവിടെ ജോലി ചെയ്യേണ്ടത്.
പ്രവേശന നിരോധനം
ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ എവിടെ എത്തിയാലും ഗ്രില്ലുകൾ താഴിട്ട് പൂട്ടിയതായി കാണാം. നാളുകൾക്ക് മുമ്പ് അടച്ചിട്ട റാമ്പ് ഇതുവരെ തുറന്നിട്ടില്ല. അപകടാവസ്ഥയിലായതിനെ തുടർന്നാണ് ഈ ഭാഗം അടച്ചത്. വീൽച്ചെയറുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള ഏക മാർഗം ഇതോടെ ഇല്ലാതായി. നടക്കാൻ പ്രയാസമുള്ള രോഗികൾ പടിക്കെട്ടുകൾ കയറി വേണം മുകൾ നിലയിലെത്താൻ.
ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങും. നഗരസഭ 60 ലക്ഷത്തിനു മുകളിൽ തുക അനുവദിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ലാബുകളെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റും
- ഡോ. ആർ. സന്ധ്യ, സൂപ്രണ്ട്, ജനറൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |