അവലോകനയോഗം ചൊവ്വാഴ്ച
അമ്പലപ്പുഴ: ജനറൽ ആശുപത്രിയിലെ അപകടാവസ്ഥയിലായ പഴയ ബ്ലോക്ക് എച്ച്. സലാം എം .എൽ .എ സന്ദർശിച്ചു. ഓർത്തോ, സർജറി വിഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ അപകടാവസ്ഥയെപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പഴയ കെട്ടിടത്തിലെ ഫിറ്റ്നസ് ഇല്ലാത്തതും പ്രവർത്തിപ്പിക്കാത്തതുമായ ഭാഗത്തേക്ക് രോഗികളോ മറ്റുള്ളവരോ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആർ.എം.ഒക്ക് എം.എൽ.എ നിർദ്ദേശം നൽകി. കിഫ്ബി ഫണ്ട് വകയിരുത്തി 117 കോടി രൂപ ചെലവിൽ നിർമ്മിച്ച 7നില ഒ. പി ബ്ലോക്കിൽ രണ്ട് നിലകൾ ഐ .പി വാർഡുകളാക്കി മാറ്റി പ്രവർത്തിപ്പിച്ചിരുന്നു. ആശുപത്രി പ്രവർത്തനം സംബന്ധിച്ച് അവലോകനം നടത്തുന്നതിന് ചൊവ്വാഴ്ച രാവിലെ നഗരസഭയുടെയും പി .ഡബ്ലിയു. ഡി യുടെയും എഞ്ചിനീയറിംഗ് വിഭാഗങ്ങൾ, നഗരസഭ, ആശുപത്രി അധികൃതർ എന്നിവരുടെ യോഗം ചേരും. പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം. എൽ .എ പറഞ്ഞു. ആശുപത്രി ആർ.എം.ഒ ഡോ. ആശ മോഹൻദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ദിലീപ്, എ.ആർ.എം.ഒ ഡോ പ്രിയദർശൻ, നഴ്സ് ഇന്ദുലേഖ എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |