ആലപ്പുഴ: പതിവിലും നേരത്തെയെത്തിയ കാലവർഷത്തിലും കിഴക്കൻവെള്ളത്തിലും മുങ്ങിപ്പോയ കുട്ടനാട്ടിലെ പാടങ്ങളിൽ ഒരുമാസത്തിലേറെ വൈകിയെങ്കിലും വിത തുടങ്ങി. നെടുമുടി കൃഷിഭവൻ പരിധിയിലെ പുളിക്കൽ പാടം, വള്ളുവൻകാട്, മുട്ടനാവേലി, പഴയ കരി, പൂത്തൂരം തെക്ക് പാടങ്ങളിലാണ് വിതയ്ക്ക് തുടക്കമായത്. ഇതിനൊപ്പം വിത നടക്കേണ്ട നെടുമുടി കൃഷി ഭവൻ പരിധിയിലെ 30 ഓളം പാടങ്ങൾ കളനശിപ്പിക്കൽ ഘട്ടത്തിലാണ്. കളനാശിനി പ്രയോഗിച്ച് വെള്ളം കയറ്റിയിരിക്കുന്ന പാടങ്ങൾ വറ്റിച്ചശേഷംവേണം വിതയ്ക്കാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടങ്ങളിൽ വിതയ്ക്ക് രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നാണ് കർഷകർ പറയുന്നത്. അതേസമയം, മട വീഴ്ചയെ തുടർന്ന് പാടം ഒരുക്കൽ ഉൾപ്പെടെയുള്ള ജോലികൾ തടസപ്പെട്ട ചമ്പക്കുളം വരമ്പിനകം, പുന്നപ്രയിലെ പൊന്നാകരി തുടങ്ങിയ പാടങ്ങളിൽ മട കെട്ടിയാലേ കൃഷിപ്പണികൾ പുനരാരംഭിക്കാനാകൂ.
സാധാരണയായി ജൂൺ ആദ്യവാരമാണ് കുട്ടനാട്ടിൽ വിത ആരംഭിക്കുന്നത്. ഇത്തവണ മേയ് അവസാന ആഴ്ചതന്നെ കാലവർഷം ശക്തമായതാണ് വിത വൈകാൻ കാരണം. ജൂണിലെ ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുട്ടനാടിനെ ആഴ്ചകളോളം വെള്ളത്തിൽമുക്കി.തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിലുണ്ടായ കാലതാമസവും ശക്തിയില്ലാത്തഒഴുക്കും വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാക്കി. സ്പിൽവേ തുറന്ന് വെള്ളം കടലിലേക്ക് ഒഴുകാൻ തുടങ്ങിയശേഷമാണ് കുട്ടനാട്ടിലെ വെള്ളം ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ മാറി നിന്നത് പാടങ്ങളൊരുക്കാൻ സഹായകമായി. മഴയും വെള്ളപ്പൊക്കവും കാരണം വിത്ത് വൈകിയത് ആശങ്കയിലാക്കിയെങ്കിലും കഴിഞ്ഞ മാസം അവസാനത്തോടെ മുഴുവൻ കർഷകർക്കും കൃഷിവകുപ്പ് വിത്ത് എത്തിച്ചുനൽകി. അപ്രതീക്ഷിത അതിവർഷമില്ലെങ്കിൽ വരും ദിവസങ്ങളിൽ വിത പൂർത്തിയാക്കാനാകുമെന്നാണ് കുട്ടനാട്ടിലെ കർഷകരുടെയും കൃഷിവകുപ്പിന്റെയും പ്രതീക്ഷ.
മഴമാറിയത് ഗുണമായി
1.രണ്ടാം കൃഷിക്ക് 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഡി-1 (ഉമ)ആണ് കൃഷിയെങ്കിലും മഴക്കാലമായതിനാൽ അത് മൂപ്പെത്താൻ 120 ദിവസമെങ്കിലുമെടുക്കും. രണ്ടാം കൃഷി ഒരുമാസത്തോളം വൈകുമ്പോൾ അത് പുഞ്ചക്കൃഷിയെ ബാധിക്കും
2.കുട്ടനാട്ടിൽ ഏറ്റവുമധികം രണ്ടാം കൃഷിയുളളത് നെടുമുടി പഞ്ചായത്തിലാണ്. 36 പാടശേഖരങ്ങളിൽ 34ലും പുഞ്ചക്കൃഷിയുണ്ട്. തകഴി, കൈനകരി, ചമ്പക്കുളം പ്രദേശങ്ങളിൽ വ്യാപകമല്ലെങ്കിലും അപൂർവമായെങ്കിലും രണ്ടാം കൃഷിയുണ്ട്
3.ഡിസംബർ ആദ്യമാണ് പുഞ്ചകൃഷിക്ക് വിതയ്ക്കേണ്ടത്. അതേമാസം ആരംഭിച്ചാൽ തന്നെ ഏപ്രിൽ, മേയ് മാസങ്ങളിലെ കൊടുംചൂടും ഉഷ്ണതരംഗവും വൻ കൃഷി നാശത്തിനാണ് ഇടയാക്കും. നിലവിലെ സാഹചര്യത്തിൽ ഡിസംബറിലെ പുഞ്ചകൃഷി എങ്ങനെയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
രണ്ടാം കൃഷിയുടെ വിത ഇത്രത്തോളം വൈകിയ സാഹചര്യത്തിൽ നെടുമുടിയിലുൾപ്പെടെ പല പാടങ്ങളിലും ഡിസംബറിൽ പുഞ്ചക്കൃഷിക്ക് കർഷകർ തയ്യാറാകാൻ സാദ്ധ്യത കുറവാണ്. പുഞ്ച കൃഷി വൈകുന്തോറും മാർച്ച്- ഏപ്രിലിലെ കൊടും വരൾച്ച വൻ കൃഷി നാശത്തിന് വഴിവയ്ക്കും
-ലാലിച്ചൻ പള്ളിവാതുക്കൽ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |