ആലപ്പുഴ: തീരദേശപാതയിലെ മെമു യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് കരുതിയ റേക്കുകൾക്കായുള്ള കാത്തിരിപ്പ് നീളുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ റേക്കുകൾ എത്തുമെന്നാണ് കഴിഞ്ഞ മാസം അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെ റേക്കുകൾ എത്തിയിട്ടില്ല. നാലുറേക്കുകളാണ് പുതിയതായി എത്തുന്നത്. ബോഗികളുടെ എണ്ണം കൂട്ടാനായി റെയിൽവേ ബോർഡ് അനുവദിച്ച റേക്കുകളുടെ കമ്മിഷൻ നടപടികൾ ആരംഭിച്ചതായി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചിരുന്നു. എന്നാൽ,
ആലപ്പുഴയ്ക്കുള്ള പുതിയ റേക്കുകൾ എത്തുമെന്നും, അത് എന്ന് എത്തുമെന്ന് വിവരം ലഭിച്ചിട്ടില്ലെന്നുമാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ പറയുന്നത്.
രാവിലെ 7.25ന് പുറപ്പെടുന്ന മെമുവിൽ തിരക്ക് കാരണം
യാത്രക്കാർ കുഴഞ്ഞുവീഴുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.തിങ്കളാഴ്ച ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക്. ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി ആലപ്പുഴയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോകുന്നവർ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനാണിത്. ആലപ്പുഴയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ സ്ത്രീകളടക്കം വാതിലിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുതിയ റേക്കുകൾ ജൂലായ് ഒന്നിന് എത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നത്. രാവിലെയുള്ള യാത്രാദുരിതം പരിഹരിക്കാൻ റയിൽവേ ബോർഡ് തീരുമാനിച്ച 16കാർ മെമു ലഭ്യമാക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണമെന്നും യാത്രക്കാർ പറയുന്നു.
നടപടി വേണമെന്ന് ആവശ്യം
# പുതിയ റേക്ക് എത്തിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം
# ദേശീയപാത നവീകരണവും സ്കൂൾ, കോളേജ് കുട്ടികൾ, ആശുപത്രി ആവശ്യക്കാർ എന്നിവർ കൂടുതൽ ആശ്രയിക്കുന്നത് രാവിലെ 7.25നുള്ള ആലപ്പുഴ-എറണാകുളം മെമുവിനെയാണ്
# രണ്ട് ട്രെയിനുകൾക്കുള്ള ആളാണ് രാവിലെ മെമുവിൽ തിങ്ങി നിറഞ്ഞ് പോകുന്നത്
തീരദേശ പാതയിലെ യാത്രദുരിതത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ എത്രയും വേഗം നടപടി സ്വീകരിക്കണം. റേക്കുകൾ എത്തിച്ച് മെമുവിലെ യാത്ര സുഗമമാക്കണം
പി.എം. നൗഷിൽ, ജില്ലാസെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |