വെഞ്ഞാറമൂട് : സംശയത്തെ തുടർന്ന് ഭാര്യയെ വിജനമായ സ്ഥലത്തു കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ആലിയാട് രോഹിണി ഭവനിൽ ഹരികൃഷ്ണനാണ് (43) അറസ്റ്റിലായത്. വേറ്റിനാട് സ്വദേശി രാഖിയെയാണ്(39) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ.
സ്‌നേഹിച്ചു വിവാഹം കഴിച്ചവരാണ് ഇരുവരും. ഏതാനും വർഷങ്ങളായി പ്രതി മദ്യത്തിനും ലഹരിക്കും അടിമയായി ഭാര്യയെ നിരന്തരം ദേഹോപ്രദ്രവം ഏല്പിക്കുകയും അടുത്ത കാലത്തായി സംശയ രോഗം കൂടി ഭാര്യ മറ്റു പുരുഷന്മാരുമായി ഫോണിലൂടെ സംസാരിക്കുന്നതായി തെറ്റിദ്ധരിച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. ഇതിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹോട്ടൽ ജീവനക്കാരിയായിരുന്ന രാഖിയെ പ്രതി വേറ്റിനാടുള്ള കുടുംബ വീട്ടിൽ താമസിപ്പിച്ചിരുന്ന മകനെ കാണാൻ ഒരുമിച്ചു പോകാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയും ആറ് മണിയോടെ കുട്ടിയെ കണ്ടു മടങ്ങി വരുന്ന വഴി വിജനമായ സ്ഥലത്ത് വച്ച് കത്തിയുപയോഗിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഭർത്താവിന്റെ അക്രമണത്തിൽ മുഖത്തും കണ്ണിലും കഴുത്തിലും മുറിവുകളേറ്റ് യുവതി താഴെ വീഴുകയും ഈ സമയം അത് വഴി നാട്ടുകാർ വരുന്നത് കണ്ട പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വട്ടപ്പാറ സി.ഐ. ശ്രീജിത്, എസ്.ഐ. ബിനിമോൾ, ഗ്രേഡ് എസ്.ഐ. പ്രദീപ്, സി.പി.ഒ. പ്രശാന്ത് എന്നിവടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |