കോഴിക്കോട് : പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ നടന്ന ബാങ്ക് കവർച്ച ആരെയും ഞെട്ടിക്കുന്നതായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കവർച്ചയാണെന്ന് ആദ്യം മുതലെ പൊലീസിന് മനസിലായിരുന്നു. സി.സി.വി.ടി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് തൊണ്ടിമുതൽ കണ്ടെത്താനായത്. ജൂൺ 11 ന് ഉച്ചയോടെയാണ് പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം സ്വദേശിയായ ഷിബിൻ ലാൽ പന്തീരങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരന്റെ കെെയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിപ്പറിച്ച് ഒളിവിൽ പോയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഷിബിൻ ലാലിന്റെ ഭാര്യ കൃഷ്ണലേഖയെയും ബന്ധുവായ ദിൻരഞ്ജുവിനെയും ജൂൺ 23 ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 40 ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ബാങ്കിൽ പണയം വെച്ചിരുന്നുവെന്ന് ഇസാഫ് ബാങ്കിനെ ബോദ്ധ്യപ്പെടുത്താനായി വ്യാജരേഖ സമർപ്പിച്ചത് കൃഷ്ണലേഖയായിരുന്നു. കവർച്ചയ്ക്കു ശേഷം ഷിബിൻലാലിനെ രക്ഷപ്പെടാൻ സഹായിച്ചത് ബന്ധുവായ ദിൻരഞ്ജുവും.
ആസൂത്രിത കുറ്റകൃത്യം
സംഭവം നടന്ന് അരമണിക്കൂറിനകം ഷിബിൻലാൽ തന്റെ മൂന്ന് ഫോൺ നമ്പറും ഓഫ് ചെയ്തിരുന്നു . രാത്രിയോടെ ചെലവിനായി ഒരു ലക്ഷം രൂപ മാറ്റിവച്ച ശേഷം 39 ലക്ഷം രൂപ വീടിനു അര കിലോമീറ്റർ അകലെയുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ട് പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. ഷിബിൻലാലിനെ പിന്തുടർന്നു മൂന്നാം ദിവസം 55000 രൂപയുമായി അറസ്റ്റ് ചെയ്തിരുന്നു. ആദ്യം മുതലേ തനിക്കു ഇസാഫ് ബാങ്കുകാർ ഒരു ലക്ഷം മാത്രം തന്നു പറ്റിക്കുകയായിരുന്നുവെന്ന നിലപാടിലായിരുന്നു പ്രതി.
പരിശോധിച്ചത് 324 സി.സി.ടി.വി ക്യാമറകൾ
ഫറോക്ക് എ.സി.പി എ.എം.സിദ്ധീക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിച്ചത് 324 ക്യാമറകൾ. ഇതിൽ പാലക്കാട്ടേയ്ക്ക് പോയ വഴിയിലുള്ള ക്യാമറകളിൽ രാത്രിയായതിനാൽ കവർച്ച ചെയ്ത ബാഗ് ഉണ്ടോ എന്ന് മനസിലാക്കാൻ സാധിച്ചില്ല. 71 മൊബൈൽ ഫോണുകളുടെ കാൾ ഡീറ്റൈൽസും ലൊക്കേഷനും പരിശോധനയ്ക്ക് വിധേയമാക്കി വിശദമായ അന്വേഷണമാണ് നടത്തിയത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ പറ്റിയും സൂക്ഷ്മ പരിശോധന നടത്തി. സിറ്റി കമ്മിഷണർ ടി.നാരായണന് ഷിബിൻലാലിനു ഇടപാടുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 80 ലക്ഷത്തിനു പകരം 35 ലക്ഷം ഒറ്റത്തവണ അടച്ചാൽ ഇടപാട് തീർക്കാനാകുമോ എന്ന് അന്വേഷണം നടത്തിയതായി വിവരം ലഭിച്ചത് കേസിൽ നിർണായക വഴിത്തിരിവായി. കൊണ്ടോട്ടി ഭാഗത്തു നിന്നുമുള്ള സി. സി. ടി. വി ദൃശ്യത്തിൽ പ്രതികൾ പണമടങ്ങിയ ബാഗില്ലാതെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ കഴിഞ്ഞദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതൽ സംബന്ധിച്ച വിവരം ലഭിച്ചത്.
അന്വേഷണ സംഘത്തിൽ ഇവർ
പന്തീരാങ്കാവ് സി. ഐ ഷാജു,എസ്.ഐ പ്രശാന്ത് ,സി. പി. ഒ നിഖിൽ , ഡബ്ല്യൂ. സി. പി. ഒ നീതു, എന്നിവരും എ. സി. പി സ്‌ക്വാഡിലെ അംഗങ്ങളായ സുജിത് , അരുൺകുമാർ മാത്തറ, ബിജു കുനിയിൽ , പ്രതീഷ് , ഐ.ടി വിനോദ്, അനൂജ് വളയനാട് , സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു,അഖിൽ ആനന്ദ്.ടി, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |