കൊച്ചി: ആറ് മാസത്തിനിടെ രണ്ട് തവണ മോഷണം നടന്ന ഫർണിച്ചർ കടയിൽ രാത്രിയുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷം രൂപയുടെ ഉരുപ്പടികളുൾപ്പെടെ നശിച്ചു. അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകൾ മൂന്നു മണിക്കൂർ ശ്രമിച്ചാണ് കെടുത്തിയത്. മോഷണശ്രമത്തിനിടെയാകാം അഗ്നിബാധയെന്ന കടയുടമയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി.
എറണാകുളംനോർത്തിൽ ടൗൺഹാളിനും പെട്രോൾ പമ്പിനും സമീപം പ്രവർത്തിക്കുന്ന എളമക്കര സ്വദേശി കെ.എച്ച്. ഹാരിസിന്റെ ‘കെ.എച്ച്.ട്രെയ്ഡേഴ്സ് ചെയർലാൻഡ്’ ഫർണിച്ചർ കടയിൽ തിങ്കളാഴ്ച പുലർച്ചെ 3.10ഓടെയായിരുന്നു വൻ തീപിടിത്തം. 3000 സ്ക്വയർ മീറ്ററിൽ ജി.ഐ ഷീറ്റ് കൊണ്ട് നിർമ്മിച്ച താത്കാലിക ഷെഡിലാണ് കട പ്രവർത്തിക്കുന്നത്. പഴയ തടിക്കസേരകൾ വാങ്ങി അറ്റക്കുറ്രപ്പണി നടത്തി മറിച്ചുവിൽക്കുന്ന കടയാണിത്.
ഗാന്ധിനഗർ ഫയർസ്റ്റേഷൻ ഓഫീസർ ആർ.രാജേഷ്‌കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ക്ലബ്റോഡ്, തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി യൂണിറ്റുകളും പങ്കെടുത്തു.
പുലർച്ചെ ഇതുവഴി പോയ പത്രവിതരണക്കാരും കാൽനടയാത്രക്കാരുമാണ് തീയും പുകയുമുയരുന്നത് ശ്രദ്ധയിൽപ്പെട്ട് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്. കടവന്ത്ര ഗാന്ധിനഗറിൽ നിന്നെത്തിയ അഗ്നിശമനയുടെ യൂണിറ്റുകൾ നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തനം തുടങ്ങി. ഷെഡിനകത്ത് കസേരകളുടെ അറ്റകുറ്റപ്പണിക്കുള്ള കുഷ്യനുകളും പ്ലൈവുഡുകളും വൻതോതിൽ സംഭരിച്ചതിനാൽ പെട്ടെന്ന് തന്നെ തീ ആളിപ്പടർന്നു. കുഷ്യനുകൾ ഉരുകിയതിനാൽ പത ചീറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീയടങ്ങാൻ രണ്ടു മണിക്കൂറോളം വേണ്ടിവന്നു. പുകയടങ്ങാൻ വീണ്ടും ഒരു മണിക്കൂർ വേണ്ടിവന്നു. മുൻകരുതലെന്ന നിലയിൽ സമീപത്തെ രണ്ട് ഫ്ലാറ്റുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും പെട്രോൾ പമ്പിന്റെ ഭാഗത്തേക്ക് തീപ്പൊരി എത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി മെയിൻ സ്വിച്ച് ഓഫാക്കി പോയതിനാൽ വൈദ്യുതി സർക്യൂട്ടല്ല അപകടകാരണമെന്ന് കടയുടമ മൊഴി നൽകി. മൂന്നു മാസം മുമ്പ് കട പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ 6500 രൂപ കവർന്നിരുന്നു. അതിനു മുമ്പു നടന്ന മോഷണത്തിൽ പണിയായുധങ്ങളുൾപ്പെടെ കളവ് പോയിരുന്നു. ഞായറാഴ്ച പുലർച്ചെ മോഷണത്തിനെത്തിയ ആരെങ്കിലും വിളക്കോ, ലെറ്ററോ കത്തിച്ചതാകാം അപകടകാരണമെന്ന സംശയം ശക്തമാണ്. ഫോറൻസിക് സംഘം ഇന്നലെ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |