വള്ളികുന്നം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വായ്പാ കുടിശികയെ തുടർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മരിച്ച ശശിയുടെ വീട്ടിലെത്തി ഭാര്യ രാധയുടെയും കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആറുപേർ ജൂൺ 30ന് രാവിലെയും വൈകുന്നേരവും വീട്ടിലെത്തി ശശിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി സാക്ഷികൾ പൊലീസിന് മൊഴി നൽകി. ആത്മഹത്യാ പ്രേരണ, ജാതീയ ആക്ഷേപം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.സംഭവത്തിൽ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ജീവനക്കാരിൽ ചിലർ മുൻകൂർ ജാമ്യത്തിനുള്ള നീക്കം ആരംഭിച്ചതായും സൂചനയുണ്ട്. വായ്പയെടുത്ത പണത്തിന്റെ തിരിച്ചടവ് വൈകിയതിന്റെ പേരിലുണ്ടായ ഭീഷണിയും അപമാനവും സഹിക്കവയ്യാതെയാണ് വള്ളികുന്നം കടുവിനാൽ മലവിളയിൽ ശശി (60)വീട്ടിൽ തൂങ്ങിമരിച്ചത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |